അബുദാബിയിലേക്ക് പ്രവേശിക്കാൻ കൊവിഡ് പരിശോധന നിർബന്ധമാക്കി
അബുദാബി: അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് കൊവിഡ് 19 പരിശോധന നിർബന്ധമാക്കി. അബുദാബി മീഡിയ ഓഫീസ് പുറത്തുവിട്ട അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അബുദാബിയിൽ പ്രവേശിക്കുന്നതിന് മുന്പ് നടത്തിയ കൊവിഡ് പരിശോധനയിൽ നെഗറ്റീവാണെന്ന് തെളിയിക്കുന്ന പരിശോധനാഫലത്തിന്‍റെ ടെക്സ്റ്റ് മെസേജ് അധികൃതർക്ക് മുന്പിൽ ഹാജരാക്കണം. എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനുള്ളിലാണ് പരിശോധന നടത്തേണ്ടത്. അബുദാബിക്ക് പുറത്തുള്ള എമിറേറ്റുകളിൽ നിന്ന് മാത്രമെ കൊവിഡ് പരിശോധന നടത്താവൂ. അബുദാബിക്ക് പുറത്തുള്ള ആശുപത്രികൾ, നാഷണൽ സ്ക്രീനിങ് പ്രോഗ്രാമിന് കീഴിലുള്ള സ്ക്രീനിങ് സെന്‍ററുകൾ എന്നിവിടങ്ങളിൽ കൊവിഡ് പരിശോധന നടത്താമെന്നും അറിയിപ്പിൽ വിശദമാക്കുന്നു.

