യാത്രക്കാരുടെ പ്രതീക്ഷകൾക്ക് തിരിച്ചടി; യു.എ.ഇ വിമാന കമ്പനികൾക്ക് ചാർട്ടേഡ് അനുമതി വിലക്കി
അബുദാബി: ചാർട്ടേഡ് വിമാനങ്ങൾക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. വിമാനത്താവളങ്ങളിൽ ലാൻഡ് ചെയ്യുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പ് അപ്രതീക്ഷിത വിലക്കേർപ്പെടുത്തിയതോടെ പല ചാർട്ടേഡ് വിമാന യാത്രക്കാരുടെയും യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇത്തിഹാദ്, എയർ അറേബ്യ, എമിറേറ്റ്‌സ് എയർലൈൻ തുടങ്ങിയ യു.എ.ഇ വിമാനകമ്പനികളുടെ ചാർട്ടേഡ് വിമാനങ്ങൾക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിൽ ലാൻഡ് ചെയ്യുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പ് അപ്രതീക്ഷിത വിലക്കാണ് ഏർപ്പെടുത്തിയത്. ഇന്ന് അബൂദബിയിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരേണ്ടിയിരുന്ന കെ.എം.സി.സി ചാർട്ടേഡ് ചെയ്ത ഇത്തിഹാദ് എയർവേയ്‌സിന്‍റെ ഇ.വൈ 254 വിമാനവും മുടങ്ങി.
അഞ്ചു കുട്ടികളും 178 മുതിർന്നവരും ഉൾപ്പെടെ 183 യാത്രക്കാരാണ് പുതിയ നിയന്ത്രണം മൂലം യാത്ര മുടങ്ങി ബുദ്ധിമുട്ടിലായത്. ചാർട്ടേഡ് വിമാനങ്ങൾക്ക് പുതുതായി ഈ മാസം 15 വരെ അനുമതി നൽകേണ്ടതില്ലെന്നും കേന്ദ്രതീരുമാനമുണ്ട്. പ്രതിസന്ധി പരിഹരിക്കാനുളള നീക്കം തുടരുകയാണെന്ന് എയർ അറേബ്യ പ്രസ്താവനയിൽ വ്യക്തമാക്കി. വന്ദേ ഭാരത് മിഷൻ പദ്ധതി മുഖേനയുള്ള വിമാനങ്ങളെക്കാൾ പ്രവാസികൾക്ക് തുണയായത് ചാർട്ടേഡ് വിമാനങ്ങൾ ആയിരുന്നു. വിമാനയാത്ര പുനരാരംഭിക്കാനുള്ള നടപടികളുമായി കെ.എം.സി.സി കേന്ദ്ര വ്യോമയാന വകുപ്പ് അധികൃതരും വിദേശ കാര്യമന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. വളരെ പ്രതീക്ഷയോടെയാണ് ജോലി നഷ്ടപ്പെട്ടവർ ഉൾപ്പെടെയുള്ളവർ നാടണയാനുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചത്.

