യുഎഇക്ക് ആശ്വാസത്തിന്റെ ദിനങ്ങൾ; കോവിഡ് വ്യാപന നിരക്ക് കുറയുന്നു


ദുബൈ ∙ യുഎഇയ്ക്ക് ആശ്വാസം പകർന്ന് കോവിഡ് 19 ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നു. 1217 പേരാണ് ഇന്ന് മാത്രം രോഗം ഭേദമായി ആശുപത്രി വിട്ടത്. പുതുതായി 45,000 പേർക്ക് പരിശോധന നടത്തിയപ്പോൾ 479 രോഗബാധിതരെ മാത്രമേ കണ്ടെത്തിയുള്ളൂ എന്നും യുഎഇ ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മരിച്ചത് രണ്ടു പേർ. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത് 15,466 പേർ മാത്രം. മേയ് 30ന് ശേഷം ഇതാദ്യമായാണ് രോഗികളുട എണ്ണം ഇത്രയും കുറയുന്നത്. ഇന്ന് രോഗം ഭേദമായവരുടെ അനുപാതത്തിൽ യുഎഇയിൽ രോഗമുക്തിനേടുന്നവരുടെ ശതമാനം 61.6 ആണ്.

പുറത്തുവരുന്ന കണക്കുകൾ വലിയ ആശ്വാസമാണ് യുഎഇ ജനതയ്ക്കും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കും നൽകുന്നത്. യുഎഇ ഭരണകൂടം കോവിഡ് പ്രതിരോധത്തിനായി ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യം കാണുന്നുവെന്നാണ് ഇതിനർത്ഥം. നൂതനമായ മെഡിക്കൽ ടെസ്റ്റിംഗ് രീതികൾ ഉപയോഗിച്ച് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് പരിശോധനയുടെ എണ്ണത്തിൽ വലിയ വർദ്ധനവും വരുത്തിയിരുന്നു. കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുക, ആവശ്യമായ ചികിത്സ നടപ്പിലാക്കുക എന്നീ ലക്ഷ്യത്തോടെയാണ് രാജ്യവ്യാപകമായി ടെസ്റ്റുകളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. ഇതുവരെ 25,234 പേരാണ് രോഗമുക്തി നേടിയത്. മൊത്തം രോഗബാധിതർ–40,986. ആകെ മരണം–286
രോഗബാധിതരെല്ലാം എത്രയും സുഖപ്പെടാൻ ആരോഗ്യ മന്ത്രാലയം ആശംസിച്ചു. രോഗലക്ഷണം കണ്ടാൽ സുരക്ഷാ മുൻകരുതലുകളെടുക്കണമെന്നും ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചു. സുരക്ഷാ മുൻകരുതൽ നിബന്ധനകൾ പാലിക്കുന്നതിനാലും മതിയായ ചികിത്സ ലഭിക്കുന്നതിനാലും നിലവിൽ ലോകത്ത് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതായും വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed