അറുപത് കഴിഞ്ഞ ഗാർഹിക തൊഴിലാളികൾക്ക് ഉപാധികളോടെ തൊഴിൽ ഉടമ്പടി പുതുക്കാമെന്ന് യു.എ.ഇ


അബുദാബി: അറുപത് കഴിഞ്ഞ ഗാർഹിക തൊഴിലാളികൾക്ക് ഉപാധികളോടെ തൊഴിൽ ഉടമ്പടികൾ പുതുക്കാമെന്ന് യു.എ.ഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. വർഷങ്ങളായി മികച്ചസേവനം നൽകിവരുന്ന നിരവധി ഗാർഹിക തൊഴിലാളികൾക്കും തൊഴിലുടമകൾക്കും വലിയ ആശ്വാസമാണ് മന്ത്രാലയത്തിന്റെ ഈ പ്രഖ്യാപനം. പ്രായം തൊഴിലിന് ബാധ്യതയാവാത്തവരെ കൂടെ നിർത്താൻ തൊഴിലുടമകൾക്ക് ഈ തീരുമാനം സഹായകരമാവുമെന്ന് മന്ത്രാലയത്തിന്റെ ഗാർഹിക തൊഴിൽ വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഖലീൽ ഖൂരി പറഞ്ഞു.
ഒട്ടേറെ പ്രവാസികൾക്ക് പ്രയോജനകരമാവുന്നതാണ് തൊഴിൽ നിയമത്തിലെ പുതിയ ഭേദഗതി. ഇതിനായി പ്രധാനമായും മൂന്ന് ഉപാധികളാണ് മന്ത്രാലയം മുന്നോട്ട് വെക്കുന്നത്. ജോലി ചെയ്യാനുള്ള ശാരീരികശേഷിയുണ്ടായിരിക്കണം എന്നതാണ് ഇതിലേറ്റവും പ്രധാനം. ഗവൺമെന്റ് അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് ശാരീരികക്ഷമത ഉറപ്പ് നൽകുന്ന രേഖാപത്രം സമർപ്പിക്കണം. തൊഴിലാളിയുടെ യു.എ.ഇ.യിലെ ചികിത്സാച്ചെലവുകൾ ഏറ്റെടുക്കുമെന്ന തൊഴിലുടമയുടെ ഉറപ്പും ഉണ്ടായിരിക്കണം. തൊഴിലാളിയുടെ യു.എ.ഇ. യിലെ താമസ വിസ തുടരുന്നതിനുള്ള അനുമതി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ലഭിച്ചിരിക്കണം. 
തൊഴിൽ ഉടമ്പടി കാലാവധി കഴിയുന്നതിന് മൂന്നുമാസം മുൻപ് തന്നെ ഇതിനായുള്ള അപേക്ഷ സമർപ്പിക്കണം. വീട്ടുജോലിക്കാർ, സ്വകാര്യ കപ്പൽ തൊഴിലാളികൾ, വാച്ച്മാൻ, സെക്യൂരിറ്റി ഗാർഡ്, സ്വകാര്യ ഫാമിലെ ആട്ടിടയന്മാർ, വാലെ പാർക്കിങ്ങിന് ചുമതലപ്പെട്ടവർ, വീടുകളിലെ കുതിര പരിപാലകൻ, വേട്ടപ്പരുന്തുകളെ പരിപാലിക്കുന്നവരും പരിശീലനം നൽകുന്നവരും, സ്വകാര്യ പരിശീലകർ, അധ്യാപകർ, കുട്ടികളെ പരിപാലിക്കുന്നവർ, തോട്ടക്കാർ, വീടുകളിലെ കൃഷിക്കാർ, സ്വകാര്യ നഴ്സുമാർ, പി.ആർ.ഒ. ജോലി ചെയ്യുന്നവർ, പാചകക്കാർ, സ്വകാര്യ കാർഷിക എൻജിനിയർമാർ എന്നിവർക്ക് ഈ തീരുമാനം ബാധമായിരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed