ദുബൈ ക്രീക്ക് യുനെസ്കോ പൈതൃക പട്ടികയിലേക്ക്
ദുബൈ : യുനെസ്കോയുടെ ലോക പൈതൃക ദേശങ്ങളുടെ പട്ടികയിൽ ഇടംനേടാൻ ദുബൈയിയുടെ സ്വന്തം ജലപാതയായ ക്രീക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഈ വർഷം നാമനിർദ്ദേശം ചെയ്തിരിക്കുന്ന മുപ്പതു പ്രദേശങ്ങളിൽ ഒന്ന് ദുബൈ ക്രീക്കാണ്. പഴയ ദുബൈയിയെ ദേരയും ബർ ദുബൈയിയും ആയി തിരിച്ച് നടുവിലൂടെയാണ് ദുബൈ ക്രീക്ക് ഒഴുകുന്നത്. ക്രീക്കിൽ നിന്നുള്ള കൈവഴി ഇപ്പോൾ ദുബൈ കനാലായി ഒഴുകി പുതിയ ദുബൈയിയുടെ പ്രൗഢി കൂട്ടുന്നു.
ലോകത്തിലെ അടുത്ത ഏറ്റവും ഉയരം കൂടിയ കെട്ടിടമുൾപ്പെടെ ആകർഷകമായ പല പദ്ധതികളും ക്രീക്കിന് ചുറ്റുമായി ഒരുങ്ങുന്നുണ്ട്. ദുബൈ മുനിസിപ്പാലിറ്റിയുടെ പൈതൃക വാസ്തു വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് ക്രീക്കിലെ വികസനപ്രവർത്തനങ്ങൾ നടക്കുന്നത്. ക്രീക്കിലെത്തി ഒരു അബ്ര യാത്ര നടത്തിയില്ലെങ്കിൽ ദുബൈ സന്ദർശനം പൂർണമാവില്ലെന്ന് വിശ്വസിക്കുന്ന സന്ദർശകരുടെ പ്രിയപ്പെട്ട ഇടം കൂടിയാണിവിടം.
ദുബൈയിയുടെ ആത്മാവും ഹൃദയവുമാണ് ദുബൈ ക്രീക്കെന്ന് യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുന്പ് പറഞ്ഞിരുന്നു. ക്രീക്കിന് ചുറ്റുമാണ് ദുബൈ പിറന്നതും വളർന്നതും വലുപ്പം വെച്ചതും. കണ്ണെത്താ ദൂരത്തേക്ക് നഗരം വി കസിച്ചെങ്കിലും ഖോർ ദുബൈ എന്ന കൂടി അറിയപ്പെടുന്ന ദുബൈ ക്രീക്ക്, എമിറേറ്റിന്റെ വികസന ചരിത്രത്തിൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്.




