അബുദാബി വിമാനത്താവളത്തിന് ഗോൾഡ് സർട്ടിഫിക്കറ്റ് അംഗീകാരം
അബുദാബി : ഏഷ്യാ പസഫിക് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ ഗോൾഡ് സർട്ടിഫിക്കറ്റ് പുരസ്കാരം അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു. വിമാനത്താവളത്തിന്റെ പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തന ശൈലിയാണ് ഇതിലേക്ക് നയിച്ചത്.
പ്രതിവർഷം 11 ദശലക്ഷത്തിനും 25 ദശലക്ഷത്തിനും ഇടയിൽ യാത്രികർ വന്നുപോകുന്ന വിമാനത്താവളങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനാണ് അംഗീകാരം ലഭിച്ചതെന്ന് എയർപോർട്ട് എ.സി.ഒ. ഒ. മുഹമ്മദ് അൽ കതീരി പറഞ്ഞു.
വിമാനത്താവളത്തിലെ പുതിയ മിഡ്ഫീൽഡ് ടെർമിനൽ നിർമ്മാണസമയത്ത് ഏറ്റവും കുറഞ്ഞ മാലിന്യം മാത്രമാണ് ബാക്കിയാക്കിയത് എന്നതും പ്രകൃതി സൗഹാർദ്‍ദ പ്രവർത്തനങ്ങളുടെ ഉദാഹരണമാണ്. അബുദാബി എയർപോർട്ട് എ.സി.ഒ. ഒ. മുഹമ്മദ് അൽ കതീരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ജപ്പാനിലെ ചിബയിൽ നടന്ന ചടങ്ങിൽ വെച്ച് ഗോൾഡ് സർട്ടിഫിക്കറ്റ് പുരസ്‌കാരം ഏറ്റുവാങ്ങി.
ലോക നിലവാരത്തിലുള്ള പ്രവർത്ത നങ്ങൾ കാഴ്ചവെക്കാനുള്ള പ്രോത്സാഹനമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ അംഗീകാരമെന്ന് മുഹമ്മദ് അൽ കതീരി പറഞ്ഞു.
