വർണ വിസ്മയം തീർത്ത് പൂരം


തൃശൂർ :  വർണ വിസ്മയം തീർത്ത് ലോകാത്ഭുത കാഴ്ചയിലേക്ക് പുതുവിരുന്നൊരുക്കി പൂരം. തെക്കേ ഗോപുരനടയിൽ ആനപ്പുറത്ത് ഉയർ‍ന്നുതാഴുന്ന കുടകളുടെ സുന്ദരക്കാഴ്ച ഇന്നലെ കണ്ടത് ഒരു ലക്ഷത്തോളം വരുന്ന പുരുഷാരം. സ്വർണ നെറ്റിപ്പട്ടം അണിഞ്ഞ കരിവീരന്മാരുടെ മുകളിൽ ആലവട്ടത്തിന്റെയും വെഞ്ചാമരത്തിന്റെയും ചാരുതയ്ക്കു മീതെ ബഹുവർണക്കുടകൾ വിസ്മയം തീർത്തപ്പോൾ ജനം സൂര്യാസ്തമയംപോലും അറിഞ്ഞില്ല.  തിരുവന്പാടി ദേവി, മൺമറഞ്ഞ ഗജവീരൻ ശിവസുന്ദർ, ഗരുഡന്റെ പുറത്തേറിയ മഹാവിഷ്ണു തുടങ്ങിയവ തിരുവന്പാടിയുടെ കുടകളിലൂടെ വാനിൽ ഉയർന്നു. 

സ്വർണ നിറമണിഞ്ഞ ആന, ലക്ഷ്‌ മിവിളക്ക്, പുലിക്കളിയെ അനുസ്മരിപ്പിക്കുന്ന സിംഹം എന്നിവ പാറമേക്കാവിന്റെ കുടകളിൽ നിറഞ്ഞു. കടുംനിറങ്ങളും ഇളം വർണങ്ങളും കുടകളിൽ മാറിമാറി വിരിഞ്ഞു. ഇരുനിലക്കുട രണ്ടെണ്ണം വീതം ഇരു വിഭാഗങ്ങളും ഉയർത്തി. മൂന്നു നിലയുള്ള കുടയും നാലു നിലയുള്ള കുടയും ഓരോന്നു വീതവും ഉണ്ടായിരുന്നു.

വിവിധ രൂപത്തിലുള്ള എൽഇഡി കുടകളും നേപ്പാൾ കുടയും പാറമേക്കാവ് വിഭാഗത്തിന്റെ പ്രത്യേകതയായി. തിരുവന്പാടി ശിവസുന്ദറിന്റെ ഒന്നിലേറെ സ്പെഷൽ കുടകളാണ് ഉയർന്നത്. ശിവസുന്ദർ കീ ജയ് എന്ന ആർപ്പുവിളിയോടെയാണ് ആനപ്രേമികൾ സ്പെഷൽ കുടകളെ വരവേറ്റത്. 

ഇരുട്ടു പരന്നപ്പോൾ ആദ്യമെത്തിയ മിന്നിത്തിളങ്ങുന്ന എൽഇഡി കുടകൾ ഇത്തവണയും ആവേശമുയർത്തി.തേക്കിൻകാട് മൈതാനത്തിലെയും സ്വരാജ് റൗണ്ടിലെയും വഴികളിൽ ഉച്ച മുതൽ ജനം തിങ്ങിനിറഞ്ഞിരുന്നു. വൈകിട്ട് അഞ്ചോടെ പാറമേക്കാവ് വിഭാഗത്തിന്റെ ആനയാണ് ആദ്യം പുറത്തേക്ക്്വന്നത്.  

പാറമേക്കാവ് വിഭാഗം സ്വരാജ് റൗണ്ടിൽ നിരന്നപ്പോൾ ജനസാഗരം ഇരന്പിയാർത്തു. 5.35നു തിരുവന്പാടി ദേവിയുടെ തിടന്പുമായി തിരുവന്പാടി ചന്ദ്രശേഖരൻ ഗോപുരവാതിൽ തുറന്നു വന്നു. ആറു മണിയോടെ ഇരു വിഭാഗങ്ങളും മുഖാമുഖം നിന്നു. തുടർന്ന് പാറമേക്കാവ് വിഭാഗം ചുവപ്പുകുട ഉയർത്തിയതോടെ കുടമാറ്റം തുടങ്ങി. തിരുവന്പാടി വിഭാഗം പച്ചക്കുട ഉയർത്തി കുടമാറ്റത്തിൽ പങ്കുചേർന്നു. ആദ്യം ആവേശമുയർത്തിത്തുടങ്ങിയതു പാറമേക്കാവ് ആണെങ്കിലും സാവധാനം തിരുവന്പാടിയും വർണവൈവിധ്യങ്ങളുടെ കുടമാറ്റം തീർത്തു കത്തിക്കയറി. ഏഴു മണിക്ക് കുടമാറ്റം സമാപിച്ചു.

You might also like

  • Straight Forward

Most Viewed