ഷാർജ പൈതൃക മേളയിൽ സന്ദർശക പ്രവാഹം
ഷാർജ : ഷാർജ പൈതൃകമേളയിലേക്ക് സന്ദർശകപ്രവാഹം. ഒന്പത് ദിവസംകൊണ്ട് എത്തിയത് 60,958 പേർ. ഈ മാസം എട്ടിന് തുടങ്ങിയ മേള 21ന് സമാപിക്കും. റോളയിലെ ഹെറിറ്റേജ് മ്യൂസിയത്തിലും എമിറേറ്റിലെ വിവിധ കേന്ദ്രങ്ങളിലുമായി നടക്കുന്ന മേളയിൽ 31 രാജ്യങ്ങളും രാജ്യാന്തര സംഘടനകളും പങ്കെടുക്കുന്നു.
പ്രശസ്ത കലാകാരന്മാരുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. നാടൻ കലാരൂപങ്ങൾ, കുട്ടികളുടെ ഗ്രാമം, സോഷ്യൽ മീഡിയാ കഫെ, കൾചറൽ കഫെ, കരകൗശല വിഭാഗം, മേഖലയിലെ പൈതൃക കേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടികൾ, ഭക്ഷ്യമേളകൾ എന്നിവയും ഉണ്ട്. മേഖലയിലെ മികച്ച ഉല്ലാസ−വൈജ്ഞാനിക മേളയിൽ ചെക് റിപ്പബ്ലിക് ആണ് ഇത്തവണത്തെ അതിഥി രാജ്യം.
പാരന്പര്യ മൂല്യങ്ങളും പൈതൃക സന്പത്തിനെ കുറിച്ചുള്ള അറിവുകളും പുതിയ തലമുറയ്ക്കു പകർന്നു നൽകുകയെന്നതു മേളയുടെ ലക്ഷ്യമാണെന്നു ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ ഹെറിറ്റേജ് ചെയർമാൻ ഡോ.അബ്ദുൽ അസീസ് അൽ മുസല്ലം പറഞ്ഞു.