ഫുട്ബോൾ ക്ലബ്ബുകൾക്കായി പഞ്ചവത്സരപദ്ധതിയുമായി ദുബൈ സ്പോർട്സ് കൗൺസിൽ
ദുബൈ : എമിറേറ്റിലെ ഫുട്ബോൾ ക്ലബ്ബുകൾക്കായി പഞ്ചവത്സര പദ്ധതിയുമായി ദുബൈ സ്പോർട്സ് കൗൺസിൽ. ശക്തമായ ബജറ്റ് നിയന്ത്രണങ്ങളോടെ ക്ലബ്ബുകളെ സാന്പത്തികമായി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ലോകത്തിലെ ഏറ്റവും മികച്ച നിേക്ഷപക അവസരങ്ങളാണ് ഗവൺമെന്റ് ദുബൈക്ക് നൽകുന്നത്. ഇത് പ്രയോജനപ്പെടുത്തേണ്ട ഉത്തരവാദിത്വം എമിറേറ്റിലെ ക്ലബ്ബുകൾക്കുണ്ടെന്നും ശരിയായ നിക്ഷേപം, കൃത്യമായ പ്രവർത്തനം, കാര്യക്ഷമതയുള്ള മാനേജ്മെന്റ് എന്നിവയിലൂടെ ഗവൺമെന്റിന് മേലുള്ള ക്ലബ്ബുകളുടെ ആശ്രിതത്വം കുറയ്ക്കുകയാണ് പഞ്ചവത്സരപദ്ധതിയുടെ ഉദ്ദേശ്യമെന്നും ദുബൈ സ്പോർട്സ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ മതാർ അൽ തായർ പറഞ്ഞു.
കൗൺസിലും ക്ലബ്ബുകളും ഫുട്ബോൾ കന്പനികളും ഒരുമിച്ച് ഇതിനുവേണ്ടി പ്രവർത്തിക്കണം. എമിറേറ്റിലെ കായികമേഖലയുടെ വളർച്ചയ്ക്കും ഇത് അനിവാര്യമാണെന്ന് മതാർ അൽ തായർ ചൂണ്ടിക്കാട്ടി. ക്ലബ്ബുകളുടെ നടത്തിപ്പിലും നിക്ഷേപത്തിലും വിഭവങ്ങളുടെ ഉപയോഗത്തിലുമുണ്ടാകുന്ന അപാകങ്ങൾ നിയമങ്ങളും നിയന്ത്രണങ്ങളും വഴി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ കൗൺസിൽ ഉദ്യോഗസ്ഥരും വിവിധ ക്ലബ്ബുകളുടെ പ്രതിനിധികളും പങ്കെടുത്തു.

