ഞാൻ പഴയ കുടക്കന്പിയല്ല : ഇന്ദ്രൻസ്
മനാമ : ഞാൻ പഴയ ആളല്ലെന്നും കുടകന്പിയെന്നും, നത്തോലിയെന്നുമൊക്കെ ഇനി എന്നെ വിളിക്കാൻ ആകില്ലെന്നും ചലച്ചിത്രനടൻ ഇന്ദ്രൻസ്. ഇന്നലെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ ദേവ്ജി ബാലകലോത്സവം ഉത്ഘാടനം ചെയ്‌തതിന് ശേഷം നടത്തിയ പ്രസംഗത്തിലാണ് തമാശ രൂപേണ ഇന്ദ്രൻസ് ഇത് പറഞ്ഞത്. സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിനു ശേഷം ഇന്ത്യയ്ക്ക് വെളിയിൽ നടന്ന ആദ്യ സ്വീകരണ ചടങ്ങു കൂടിയായിരുന്നു ഇന്നലെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടന്നത്.
വരുംദിവസങ്ങളിൽ ചിലപ്പോൾ ഭിമസേനനായും, കർണ്ണനായും ഒക്കെ പ്രേക്ഷകരുടെ മുന്പിൽ താൻ വന്നു കൂടായ്കയില്ലെന്നും അതൊക്കെ സഹിക്കാന്‍ തയ്യാറായിക്കോ എന്നും നിറഞ്ഞ കൈയടികളുടെ പശ്ചാതലത്തിൽ അദ്ദേഹം പറഞ്ഞു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര താരവും എം എൽ എയുമായ മുകേഷും പങ്കെടുത്തു.

