ദുബൈ വിമാനത്താവളത്തിൽ പാർക്കിങ് നിരക്ക് കൂട്ടി
ദുബൈ : കഴിഞ്ഞ 10 വർഷത്തിനിടെ ആദ്യമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർ പാർക്കിങ് നിരക്ക്‍ വർദ്‍ധിപ്പിച്ചു. അഞ്ച് ശതമാനം വാറ്റ് കൂടി ഉൾപ്പെട്ടതാണ് നിരക്കുകൾ. ആദ്യ മണിക്കൂറിന് അഞ്ചിൽ നിന്ന് 10 ദിർഹംവരെ വർദ്ധന ഉണ്ടായിട്ടുണ്ട്. ദീർഘകാല ഇക്കോണമി പാർക്കിങ് (ബി പാർക്കിങ്) നിരക്ക് ആദ്യമണിക്കൂറിന് 20 ദിർഹത്തിൽനിന്ന് 25 ദിർഹമായി ഉയർന്നു. ഹ്രസ്വകാല പ്രീമിയം പാർക്കിങ്ങിന് (എ പാർക്കിങ്) ആദ്യമണിക്കൂറിൽ 30 ദിർഹം നൽകണം. ഇത് മുന്‍പ് 20 ദിർഹമായിരുന്നു. എന്നാൽ 24 മണിക്കൂർ പാർക്കിങ്ങിന്റെ നിരക്ക് 280 ദിർഹത്തിൽനിന്ന് 125 ദിർഹമായി കുറച്ചിട്ടുമുണ്ട്.
രണ്ട് മണിക്കൂറിന് എ പാർക്കിങ്ങിന് 40 ദിർഹവും ബി പാർക്കിങ്ങിന് 30 ദിർഹവുമാണ് നിരക്ക്. ഇത് തന്നെ ടെർമിനലിന് അനുസരിച്ച് വ്യത്യാസമുണ്ട്. ടെർമിനൽ മൂന്നിന് എ പാർക്കിങ് നിരക്കുകളാണ് ബാധകമാവുക. എന്നാൽ ബി പാർക്കിങ്ങിൽനിന്ന് 10 ദിർഹം കുറവാണ് ടെർമിനൽ രണ്ടിലെ പാർക്കിങ് നിരക്കുകൾ. മൂന്ന് മണിക്കൂർ പാർക്ക് ചെയ്യാന്‍ എ പാർക്കിങ്ങിൽ 55 ദിർഹവും, ബി പാർക്കിങ്ങിൽ 35 ദിർഹവുമാണ് ഈടാക്കുന്നത്. നാലു മണിക്കൂറിനാകട്ടെ ഇത് യഥാക്രമം 65 ദിർഹവും, 45 ദിർഹവുമാണ്. 24 മണിക്കൂർ പാർക്ക് ചെയ്യാന്‍ എ പാർക്കിങ്ങിൽ നൽകേണ്ടത് 125 ദിർഹവും ബി പാർക്കിങ്ങിൽ 85 ദിർഹവുമാണ്.

