ടോക്കണെടുക്കാൻ എമിറേറ്റ്സ് ഐഡി
ദുബൈ : വിവിധ സേവനങ്ങൾക്കായി ദുബൈ മുനിസിപ്പാലിറ്റിയുടെ ഓഫീസുകളിൽ എത്തുന്ന ഉപയോക്താക്കൾക്ക് ഇനി മുതൽ എമിറേറ്റ്സ് ഐഡി വഴി ടോക്കൺ ലഭിക്കുന്ന സംവിധാനം ഏർപ്പെടുത്തുന്നു. യന്ത്രത്തിന് മുകളിൽ എമിറേറ്റ്സ് ഐഡി കാണിച്ചാൽ ഉപയോക്താവിന്റെ ഫോണിൽ ടോക്കൺ നന്പർ എസ്.എം.എസ് സന്ദേശമായി ലഭിക്കും.
കടലാസ് രഹിത ടോക്കൺ എന്ന ആശയത്തിന് ഈ നീക്കം സഹായമാകും. അടുത്താഴ്ച മുതൽ മുനിസിപ്പാലിറ്റിയുടെ കിഫാഫ്, ഹട്ട സെന്ററുകളിൽ ഇത് പ്രാബല്യത്തിൽ വരും. ഉപയോക്താക്കളുടെ ആവശ്യങ്ങളും മുൻഗണനകളും താത്പര്യങ്ങളും മനസ്സിലാക്കി ഡേറ്റാബേസ് രൂപവത്കരിക്കാനും പ്രവർത്തിപ്പിക്കാനും സേവനങ്ങൾ മെച്ചപ്പെടുത്താനും പുതിയ ടോക്കൺ സംവിധാനം ഫലപ്രദമാകുമെന്ന് അൽ കിഫാഫ് സെന്റർ മേധാവി നൂറ അൽ സവൽഹി പറഞ്ഞു.

