സർ­ക്കാർ ജീ­വനക്കാ­രു­ടെ­ മി­കവ് കൂ­ട്ടാ­നു­ള്ള പദ്ധതി­ക്ക് ദു­ബൈ­ സർ­ക്കാർ തു­ടക്കമി­ട്ടു­


ദുബൈ : സർക്കാർ ജീവനക്കാരുടെ സംഘാടന മികവു വർദ്ധിപ്പിക്കാനും ഒത്തൊരുമയോടെ പദ്ധതികൾ പൂർത്തിയാക്കാനും ലക്ഷ്യമിട്ടുള്ള 'ഗവൺമെന്റ് ഗെയിംസ്' സംരംഭത്തിനു ദുബൈകിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കമിട്ടു. വിവിധ വകുപ്പുകളുടെ മികവ് വർദ്ധിപ്പിക്കാൻ കൈറ്റ് ബീച്ചിൽ അടുത്തമാസം 26 മുതൽ 28 വരെ മത്സരങ്ങൾ നടത്തും.

 ക്രിയാത്മക ചിന്തകൾ, പ്രശ്നങ്ങൾ പരിഹരിക്കാനും ഉചിതമായ തീരുമാനങ്ങൾ വേഗത്തിലെടുക്കാനുമുള്ള കഴിവ് തുടങ്ങിയവയാകും പരീക്ഷിക്കുക. വിവിധ റൗണ്ടുകളുണ്ടാകും. 20 ലക്ഷം ദിർഹമാണു സമ്മാനത്തുക. ടീം അംഗങ്ങൾക്ക് ഇതു തുല്യമായി വീതിച്ചുനൽകും.

കൂടുതൽ വിവരങ്ങൾക്ക് www.govgames.ae. വെല്ലുവിളികളെ അവസരങ്ങളായി കണക്കാക്കി ഒരുമയോടെ ഭാവിയിലേക്കു മുന്നേറാനുള്ള ബൃഹത്ത് സംരംഭമാണിതെന്നു ഷെയ്ഖ് ഹംദാൻ പറഞ്ഞു. ഭാവി എന്തുതന്നെ തന്നാലും അതിനോട് അനുകൂലമായും ക്രിയാത്മകമായും പ്രതികരിച്ചു മികവിലേക്കുള്ള മൽസരാധിഷ്ഠിത യാത്ര തുടരും.

ദൃഢനിശ്ചയം, ഐക്യം, ചുമതലകൾ നിറവേറ്റാനുള്ള പ്രതിബദ്ധത, ഉൽസാഹം തുടങ്ങിയവയുടെ പ്രാധാന്യം മനസ്സിലാക്കാൻ സർക്കാർ ജീവനക്കാർക്ക് അവസരമൊരുക്കും. സർക്കാർവകുപ്പുകളിൽ ഇതു വലിയമാറ്റത്തിനു വഴിയൊരുക്കുമെന്ന് ഉറപ്പുണ്ടെന്നും ചൂണ്ടിക്കാട്ടി. പ്രഖ്യാപന ചടങ്ങിൽ ദുബൈ ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed