മാലിന്യത്തിൽ നിന്ന് വൈദ്യുതി : ലോകത്തിലെ ഏറ്റവും വലിയ പ്ലാന്റ് ദുബൈയിൽ നിർമ്മിക്കുന്നു
ദുബൈ : മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതിയുമായി ദുബൈ സർക്കാർ. ലോകത്തിലെ ഏറ്റവും വലിയ പ്ലാന്റ് എമിറേറ്റിൽ സ്ഥാപിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത മാസങ്ങളിൽ ആരംഭിക്കും. ഒരു വർഷം 18.2 ലക്ഷം ടൺ ഖരമാലിന്യം പ്ലാന്റിൽ ഉപയോഗിക്കും. 250 കോടി ദിർഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഒരു സൈറ്റിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്ലാന്റായിരിക്കുമിതെന്ന് അധികൃതർ അറിയിച്ചു. എക്സ്പോ 2020ൽ പൂർത്തിയാകുമെന്നു മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത അറിയിച്ചു. വർസാനിൽ രണ്ടു ഹെക്ടർ സ്ഥലത്ത് ആരംഭിക്കുന്ന പദ്ധതി വഴി 120,000 വീടുകൾക്ക് ഊർജം നൽകാൻ കഴിയും. രണ്ടായിരം ബുർജ ഖലീഫകൾക്ക് വൈദ്യുതി നൽകുന്നതിനു സമാനമാണിത്. ദുബൈയിയുടെ ഊർജ്ജോപയോഗത്തിന്റെ രണ്ടുശതമാനം വരുമിത്.
ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ സ്വിറ്റ്സർലാൻഡ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കന്പനികളുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. ഒരു ദിവസം അയ്യായിരം ടൺ മാലിന്യം പ്ലാന്റിൽ സംസ്കരിക്കാം. ദുബൈയിൽ ഒരു ദിവസം എണ്ണായിരം ടൺ മാലിന്യമാണുണ്ടാകുന്നത്. രണ്ടായിരത്തിമുപ്പതോടെ പ്രകൃതി സ്രോതസ്സുകളുടെ സുസ്ഥിരത, സംയോജിത മാലിന്യ നിർമ്മാർജനം തുടങ്ങിയവ ലക്ഷ്യമാക്കിയാണു നടപടി.