യു.എ.ഇയിൽ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ കളിച്ചാൽ പിഴ
ഷാർജ : എമിറേറ്റിലെ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളിലും അനുവദനീയമല്ലാത്ത സ്ഥലങ്ങളിലും ക്രിക്കറ്റും ഫുട്ബോളും മറ്റും കളിച്ചാൽ പിഴ അടയ്ക്കേണ്ടിവരും.
അത്തരം നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ ഓരോ കളിക്കാരനും 500 ദിർഹം പിഴ നൽകണമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. പിടിക്കപ്പെട്ടാൽ ഐ.ഡി കാർഡുകൾ പരിശോധകർ കൊണ്ടുപോകും. പിന്നീട് മുനിസിപ്പാലിറ്റിയുടെ കസ്റ്റമർ സർവ്വീസ് സെന്ററിൽ ചെന്ന് പിഴയടച്ചാൽ മാത്രമേ കാർഡ് തിരികെ ലഭിക്കുകയുള്ളൂ.
പൊതുപാർക്കുകളോ ഇൻഡോർ സ്ഥലങ്ങളോ ആണ് ഇത്തരം കളികൾക്ക് അനുയോജ്യമായത്. നഗരഭംഗിക്കും പൊതുമുതലിനും കോട്ടം വരുത്തുന്ന പ്രവർത്തികൾ ഒന്നും അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
കായിക വിനോദങ്ങൾക്കായി എമിറേറ്റിൽ വിവിധ വേദികളുണ്ടെന്നും മുനിസിപ്പാലിറ്റിയുടെ ശുചീകരണ വിഭാഗം തലവൻ മുഹമ്മദ് അലി അൽ കഅബി പറഞ്ഞു.

