ദുബൈ മുനിസിപ്പാലിറ്റിയിൽ സായിദ് ഫോട്ടോ പ്രദർശനം തുടങ്ങി
ദുബൈ : യു.എ.ഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജീവിതത്തിലെ ചരിത്ര നിമിഷങ്ങളുടെ നേർക്കാഴ്ചയൊരുക്കി ദുബൈ മുനിസിപ്പാലിറ്റിയിൽ ഫോട്ടോ പ്രദർശനം ആരംഭിച്ചു.
ജഫീലിയ മെട്രോ േസ്റ്റഷനടുത്തുള്ള മുനിസിപ്പാലിറ്റിയുടെ കിഫാഫ് സെന്ററിലാണ് രാഷ്ട്രപിതാവിന്റെ 100 ചിത്രങ്ങളുമായി പ്രദർശനം ആരംഭിച്ചിരിക്കുന്നത്. പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും ശൈഖ് സായിദ് നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചകൾ, പരിപാടികൾ, ദേശീയദിനാഘോഷം എന്നിങ്ങനെ ഭരണാധികാരിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളാണ് പ്രദർശനത്തിലൂടെ സന്ദർശകർക്ക് മുന്നിലെത്തിക്കുന്നത്.
ഫോട്ടോ പ്രദർശനം മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹുസ്സൈൻ നാസിർ ലൂത്ത ഉദ്ഘാടനം ചെയ്തു. സായിദ് വർഷം പ്രമാണിച്ച് ദുബൈ മുനിസിപ്പാലിറ്റി നടത്തുന്ന വിവിധ സംരംഭങ്ങളിൽ ഒന്നാണ് പ്രദർശനമെന്ന് ഹുസ്സൈൻ നാസിർ ലൂത്ത പറഞ്ഞു.
ഇതിന് പുറമെ മറ്റ് പല സംരംഭങ്ങളും സായിദ് വർഷാചരണത്തിനായി മുനിസിപ്പാലിറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്. സായിദ് വർഷത്തിന്റെ ലോഗോ മുനിസിപ്പാലിറ്റിയുടെ സമൂഹമാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കും. ഫെബ്രുവരി നാലിന് ആചരിക്കുന്ന കാർ ഫ്രീ ഡേയിൽ ശൈഖ് സായിദിന്റെ നേട്ടങ്ങളെക്കുറിച്ച് വിവരിക്കുന്ന ഡോക്യൂമെന്ററിയുടെ പ്രദർശനം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചയ്ക്ക്് ശേഷം ഫോട്ടോ പ്രദർശനം മുനിസിപ്പാലിറ്റിയുടെ മറ്റൊരു സെന്ററിലേയ്ക്ക് മാറ്റും.

