ദുബൈ ഹെൽത്ത് അതോറിറ്റി സൗജന്യ ചികിത്സാ പദ്ധതി നടപ്പാക്കുന്നു
ദുബൈ : ദുബൈ ഹെൽത്ത് അതോറിറ്റി(ഡി.എച്ച്.എ) രാജ്യത്തെ യുവ ഡോക്ടർമാരുമായി സഹകരിച്ച് സൗജന്യ ചികിത്സ നൽകുന്ന പദ്ധതിക്ക് തുടക്കമിടുന്നു. ദുബൈ ഹെൽത്ത് ഫോറത്തിന്റെ ആദ്യദിവസം ഡിഎച്ച്.എയുടെ യൂത്ത് കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്.
തൊഴിലാളികളും വീട്ടുജോലിക്കാരുമായ നിരവധി പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഏറ്റവും കുറഞ്ഞ ഇൻഷുറൻസ് പരിധിയിലാണ് ഇവർ വരുന്നത്. നാദർ അൽ ഹമർ ഹെൽത്ത് സെന്ററിലാണ് പദ്ധതി ആരംഭിക്കുന്നത്. വെള്ളിയാഴ്ചകളിൽ രണ്ടു മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് ഇതു പ്രവർത്തിക്കുക. ഇതു മാസത്തിൽ രണ്ടു തവണ പ്രവർത്തിക്കും.
ആവശ്യം അനുസരിച്ച് ഓരോ ആഴ്ചയും ഇത് തുറക്കുന്നതിനുള്ളസാധ്യത പരിഗണിക്കുന്നുണ്ട്. ഫാർമസി, എക്സ്റേ, 15 രോഗികളെ കിടത്തി ചികിത്സക്കാൻ സാധിക്കുന്ന വിധത്തിലുള്ള നാല് മുറികൾ എന്നിവ ആശുപത്രിയിൽ ഉണ്ടാകും.

