പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: ജീവനക്കാർക്കെതിരെ കേസ്, ഒരാൾ കസ്റ്റഡിയിൽ
ശാരിക
കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ സ്വകാര്യസ്ഥാപനത്തിന്റെ ക്യുആർ സ്കാനർ ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. ടോൾ പ്ലാസയിലെ ജീവനക്കാർ ചേർന്ന് ഏഴു ലക്ഷം രൂപയിലധികം തട്ടിയെടുത്ത സംഭവത്തിൽ ടോൾ പ്ലാസ മാനേജരുടെ പരാതിയെത്തുടർന്ന് പന്തീരാങ്കാവ് പൊലീസ് കേസെടുത്തു.
ഉത്തർപ്രദേശ് സ്വദേശികളായ ഉമാശങ്കർ, മോണ്ടി രാജ്പുത്, ഹരിമോഹൻ, ശിവം, നവീൻസിങ് ഭദോരിയ, ബിബിൻ രാജ്പുത് എന്നിവരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്. ഇവരിൽ ബിബിൻ രാജ്പുത് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
കസ്റ്റഡിയിലുള്ള ആളൊഴികെ മറ്റു പ്രതികളെല്ലാം തങ്ങളുടെ കരാർ കാലാവധി പൂർത്തിയായതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇവരെ തിരികെ കോഴിക്കോട്ടെത്തിക്കാനുള്ള നിയമനടപടികൾ ആരംഭിച്ചതായി പന്തീരാങ്കാവ് പൊലീസ് അറിയിച്ചു. നിലവിൽ പുറത്തുവന്നിരിക്കുന്നത് തട്ടിപ്പ് നടത്തിയ പണത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ മാത്രമാണെന്നും തട്ടിയെടുത്ത തുക ഇതിലും കൂടുതലാകാൻ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. കേസിന്റെ അന്വേഷണച്ചുമതല എസ്.ഐ എൻ. രാജ്കുമാറിനാണ്.
ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ പ്ലാസ വഴി കടന്നുപോകുമ്പോൾ, ജീവനക്കാർ തങ്ങളുടെ സ്വകാര്യ അക്കൗണ്ടുകളുടെ ക്യുആർ കോഡ് സ്കാനർ കാണിച്ചുകൊടുത്ത് പണം കൈക്കലാക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതി. പ്രതികൾ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതിനു ശേഷം ടോൾ പ്ലാസ മാനേജർ നടത്തിയ വിശദമായ പരിശോധനയിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നതും തുടർന്ന് പൊലീസിൽ പരാതി നൽകിയതും.
ോേ്ോേ്

