മാസപ്പടിക്കേസ്: ഹൈക്കോടതി വിധിക്കെതിരെ പിണറായി വിജയനും മുഹമ്മദ് റിയാസും വീണയും സുപ്രീംകോടതിയിൽ; അന്വേഷണം ശക്തമാക്കി വിജിലൻസ്
ശാരിക
തിരുവനന്തപുരം: മാസപ്പടിക്കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. പിണറായി വിജയനായി മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്രയാണ് കോടതിയിൽ ഹാജരായത്. ഇതോടൊപ്പം മുൻ മന്ത്രി മുഹമ്മദ് റിയാസും ടി. വീണയും സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷ സുപ്രീംകോടതി തള്ളി. കേസ് അവധിക്കാല ബെഞ്ച് പരിഗണിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, കേസിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റിപ്പോർട്ട് വിശദമായി പരിശോധിക്കാനുള്ള നീക്കത്തിലാണ് വിജിലൻസ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ഇ.ഡിക്ക് ലഭിച്ച രേഖകളും മൊഴികളും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയുടെ വിശദമായ പരിശോധന പൂർത്തിയായ ശേഷമായിരിക്കും പ്രതികളെ ചോദ്യം ചെയ്യുന്നത്.
സി.എം.ആർ.എല്ലിലെ ഉദ്യോഗസ്ഥർ, മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾ എന്നിവരിൽ നിന്നായിരിക്കും വിജിലൻസ് ആദ്യം മൊഴി രേഖപ്പെടുത്തുക. അതിനുശേഷമായിരിക്കും പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ എന്നിവരെ ചോദ്യം ചെയ്യുക. മാസപ്പടി, ഹവാല ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ രണ്ട് സംഘങ്ങളെയാണ് വിജിലൻസ് രൂപീകരിച്ചിരിക്കുന്നത്. വിജിലൻസ് ഐ.ജിയുടെ ചുമതല വഹിക്കുന്ന ഡി.ഐ.ജി തോംസൺ ജോസിനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.
കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവും ഡിവിഷൻ ബെഞ്ച് പരിഗണിച്ചിരുന്നില്ല. സിംഗിൾ ബെഞ്ച് വിധിയിൽ തന്റെ ഭാഗം കേട്ടില്ലെന്നും ഏകപക്ഷീയമായാണ് ഉത്തരവിട്ടതെന്നും ചൂണ്ടിക്കാട്ടി പിണറായി വിജയൻ സമർപ്പിച്ച ഹരജി കോടതി ഒറ്റവരിയിലാണ് തള്ളിയത്. സ്വന്തം വാദം കേൾക്കണമെന്ന പിണറായി വിജയന്റെ ആവശ്യം അംഗീകരിക്കാൻ ഡിവിഷൻ ബെഞ്ച് തയ്യാറായിരുന്നില്ല.
sdad

