യു.എ.ഇ മൂന്ന് വർഷത്തിനകം 40000 സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് നിയമനം നൽകും
അബുദാബി : മെഡിക്കൽ ടൂറിസത്തിൽ മുന്നോട്ടു കുതിക്കുന്ന യു.എ.ഇയിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 40,000 സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് നിയമനം ലഭിക്കും. ഇപ്പോൾ 110 രാജ്യങ്ങളിൽ നിന്നുള്ള 35,000 സ്പെഷ്യലിസ്റ്റുകളാണ് രാജ്യത്ത് പണിയെടുക്കുന്നത്. ഇവരിൽ 45 ശതമാനത്തോളം ഇന്ത്യക്കാരും അവരിൽ 83 ശതമാനം മലയാളികളുമാണെന്നാണ് ഔദ്യോഗികമായ കണക്ക്.
മെഡിക്കൽ ടൂറിസം തഴച്ചുവളരുന്ന യു.എ.ഇയിലെ മറ്റെല്ലാ മേഖലകളിലും നിയമനമാന്ദ്യവും വേതനം വെട്ടിക്കുറയ്ക്കലും ആനുകൂല്യങ്ങൾ റദ്ദാക്കലും നടപ്പാക്കുന്നതിനിടയിൽ ആരോഗ്യമേഖല മാത്രമാണ് പിടിച്ചുകയറുന്നത്. ദുബൈയിൽ മാത്രം മെഡിക്കൽ ടൂറിസത്തിന്റെ ഭാഗമായി ഈ വർഷം 3.26 ലക്ഷത്തിലേറെപ്പേരാണ് ചികിത്സയ്ക്കെത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 9.5 ശതമാനം വർദ്ധന.
ഗൾഫ് രാജ്യങ്ങളിൽ നിന്നും ചികിത്സാർത്ഥം ദുബൈയിലെത്തിയത് മൊത്തം രോഗികളിൽ 31 ശതമാനമായിരുന്നുവെങ്കിൽ ഏഷ്യയിൽ നിന്നെത്തിയത് 37 ശതമാനം. ഇവരിൽ 26 ശതമാനവും ഇന്ത്യക്കാരാണെന്നും അവരിൽ മഹാഭൂരിപക്ഷവും മലയാളികളാണെന്നുമാണ് കണക്ക്. യൂറോപ്പിൽ നിന്നെത്തിയത് 15 ശതമാനം.
അസ്ഥിരോഗം, ദന്തരോഗം, ത്വക്രോഗം, നേത്രരോഗം, സൗന്ദര്യ സംവർധനം, വന്ധ്യതാനിവാരണം എന്നീ മേഖലകളിലാണ് ഏറ്റവുമധികം മെഡിക്കൽ ടൂറിസ്റ്റുകൾ എത്തുന്നത്. ദുബൈയിൽ മാത്രം ഇത്തരം മൂവായിരത്തിൽപ്പരം ആശുപത്രികളുണ്ട്. എല്ലാം ലോകനിലവാരമുള്ളവയും. ഗൾഫ് നാടുകളിൽ നിന്നും മെഡിക്കൽ ടൂറിസ്റ്റുകളുടെ ഏറ്റവും വലിയ പ്രവാഹം കേരളത്തിലെ ആശുപത്രികളിലായിരുന്നു. രണ്ടാം സ്ഥാനത്ത് ന്യൂഡൽഹിയും. എന്നാൽ യു.എ.ഇയിലെ മെഡിക്കൽ ടൂറിസം ശക്തി പ്രാപിച്ചതോടെ കേരളത്തിൽ ചികിത്സ തേടുന്നവരുടെ ഒഴുക്ക് തീരെ മന്ദഗതിയിലായെന്നു മാത്രമല്ല അവിടെ നിന്നും ഇങ്ങോട്ട് വരുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവും ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ദുബൈയിലെ ഹെൽത്ത് ടൂറിസം വെബ്സൈറ്റുകളിൽ പ്രതിമാസം ശരാശരി പതിനായിരം പേരാണ് എത്തുന്നത്. വിവിധ മേഖലകളിലെ വിദഗ്ദ്ധ ചികിത്സയ്ക്കായി യു.എ.ഇയിലെ ആശുപത്രികൾ നാനൂറിൽപ്പരം പാക്കേജുകൾ പ്രഖ്യാപിച്ചതും കുറഞ്ഞ ചെലവിലുള്ള വിദഗ്ദ്ധ ചികിത്സ ലഭ്യമാകുന്നതുമാണ് മെഡിക്കൽ ടൂറിസത്തിന്റെ വളർച്ചയ്ക്ക് വഴിമരുന്നിടുന്നത്. ഇന്ത്യയിലെ പ്രത്യേകിച്ചും കേരളത്തിലെ ചില വൻകിട സ്വകാര്യ ആശുപത്രികൾ വിദേശരോഗികളെ പിഴിയുന്നതും കേരളത്തിലേക്കുള്ള മെഡിക്കൽ ടൂറിസത്തിലെ തകർച്ചയ്ക്കിടയാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

