ദു­ബൈ­ സഫാ­രി­ പാ­ർ­ക്ക് നി­ർ­മ്മാ­ണം പൂ­ർ­ത്തി­യാ­യി­


ദുബൈ : 'ദുബൈ സഫാരി' പാർക്കിന്റെ നിർമ്മാണം പൂർത്തിയായി. വന്യ സൗന്ദര്യങ്ങളുടെ വശ്യതയുമായി ഈ കൊടുംകാട് വൈകാതെ സന്ദർശകരെ വരവേൽക്കും. പാർക്കിന്റെ ഉദ്ഘാടന തീയ്യതി ഉടൻ പ്രഖ്യാപിക്കും. അടുത്തമാസത്തോടെ തുറക്കുമെന്നാണ് സൂചന. വന്യജീവികൾക്കു സുഖവാസമൊരുക്കുന്ന രാജ്യാന്തര പഠന, ഗവേഷണ, ഉല്ലാസ കേന്ദ്രം കൂടിയാണിത്.  

സ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കുന്ന ഈ വന്യജീവി കേന്ദ്രത്തിൽ ലോകോത്തര സംവിധാനങ്ങളാണുള്ളത്. നൂറുകോടി ദിർഹം ചെലവഴിച്ചുള്ള മുനിസിപ്പാലിറ്റി പദ്ധതിയിൽ ഓരോ ഇനത്തിനും അനുയോജ്യമായ താമസ മേഖലകൾ, പരിചരണകേന്ദ്രങ്ങൾ, ചികിത്സാ സംവിധാനങ്ങൾ, സന്ദർശകർക്കു സുരക്ഷിതമായി യാത്രചെയ്യാനുള്ള ക്രമീകരണങ്ങൾ എന്നിവയുണ്ട്. മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസ്സർ ലൂത്തയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സഫാരിയിൽ സന്ദർശനം നടത്തി. 

അൽവർഖ അഞ്ചിൽ 119 ഹെക്ടറിലുള്ള സഫാരിയിൽ 250 ഇനം മൃഗങ്ങളുണ്ടാകും. ആഫ്രിക്കൻ, ഏഷ്യൻ, അറേബ്യൻ, ഓപ്പൺ സഫാരി എന്നിങ്ങനെ നാലു വില്ലേജുകളായി തിരിച്ച് ആദ്യഘട്ടത്തിൽ 2500ൽ ഏറെ മൃഗങ്ങളെ താമസിപ്പിക്കും. വിവിധ വൻകരകളിലെ കാടുകളുടെ അതേ മാതൃകയിലാണ് ഇവ ഒരുക്കിയത്.

കുട്ടികൾക്കായി പ്രത്യേക മേഖലയും ഒരുക്കിയിട്ടുണ്ട്. വേൾഡ് എക്സ്പോ നടക്കുന്ന 2020 ആകുന്പോഴേക്കും മൃഗങ്ങളുടെ എണ്ണം 5000 ആയി ഉയരും. ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു പാർക്കുകളിലൊന്നായ ഇവിടെ പ്രതിദിനം പതിനായിരത്തിലേറെ സന്ദർശകർ എത്തുമെന്നാണു പ്രതീക്ഷ.

ഓപ്പൺ സഫാരി വില്ലേജ് ഒഴികെയുള്ള മേഖലകളിൽ കുട്ടികൾക്ക് 20 ദിർഹവും മുതിർന്നവർക്ക് 50 ദിർഹവുമാണ് പ്രവേശന നിരക്ക്. മൂന്നുവയസ്സിൽ താഴെയുള്ള കുട്ടികൾക്കും 60 കഴിഞ്ഞ മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കും പ്രവേശനം സൗജന്യം. ഓരോ മേഖലയിലും പ്രത്യേക നിരക്ക് ഉണ്ടാകുമോയെന്നും മറ്റുമുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും. 

സഫാരി കാണാൻ ഇലക്ട്രിക് ട്രാം, കേബിൾ കാറുകൾ, സൈക്കിളുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുണ്ടാകും. മൃഗങ്ങളുടെ സ്വസ്ഥത കെടുത്തുന്ന ശബ്ദമലിനീകരണം തടയാൻ കൂടി ലക്ഷ്യമിട്ടാണിത്. സോളർ പാനലുകളോടു കൂടിയ 3600 പാർക്കിങ് മേഖലകളും സഫാരിയോടനുബന്ധിച്ചുണ്ട്.  

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed