അബുദാബി പോലീസിന്റെ 60-ാം വാർഷിക ആഘോഷം നാളെ
അബുദാബി : അബുദാബി പോലീസിന്റെ 60ാം വാർഷികാഘോഷം നാളെ വൈകിട്ട് ആറിന് അബുദാബി പോലീസ് കോളേജിൽ വർണാഭമായ പരിപാടികളോടെ നടക്കും. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷകർതൃത്വത്തിലാണ് ആഘോഷം നടക്കുക.
ആഗോള തലത്തിൽ മികവുറ്റ മത്സരസ്വഭാവമുള്ള റാങ്കിങ്ങോടെ അബുദാബി പോലീസ് സേനയെ മികച്ച നിലയിൽ വളർത്താനായതായി അബുദാബി പോലീസ് കമാൻഡർ− ഇൻ−ചീഫ് മേജർ ജനറൽ ഖൽഫാൻ അൽ റുമൈത്തി 60−ാം വാർഷികത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. ശക്തമായ പദവികൾ നേടിയെടുക്കാൻ പ്രോത്സാഹനം നൽകുന്ന ഭരണ നേതൃത്വത്തിന് പിന്തുണയും അഭിനന്ദനവും അറിയിക്കുന്നു.
ചുരുങ്ങിയ സമയത്തിനകം മഹത്തായ നവോത്ഥാനവും പുരോഗതിയുമുണ്ടാക്കിയ രാജ്യത്തിന്റെ ഭാവി ദർശനങ്ങളിലും ആഗ്രഹങ്ങളിലും അബുദാബി പോലീസിന്റെ പ്രവർത്തനവും സേവനവും പ്രധാനമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


