ഗതാഗത പരിഷ്കരണം : ആശയങ്ങൾ ക്ഷണിച്ച് ദുബൈ ആർ.ടി.എ
ദുബൈ : എമിറേറ്റിലെ ഗതാഗത പരിഷ്കരണത്തിനായി നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും ക്ഷണിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർ.ടി.എ). ലൊസാഞ്ചൽസിൽ നടന്ന കോ മോഷൻ കോൺഗ്രസിലാണ് ദുബൈ ഗതാഗത രംഗത്തെക്കുറിച്ച് ആർ.ടി.എ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യുട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്തർ അൽ തായർ വിശദീകരിച്ചത്.
ഭാവിയിലെ ഗതാഗതത്തെക്കുറിച്ചു ചർച്ച ചെയ്യുന്ന രാജ്യാന്തര വേദിയാണ് ലൊസാഞ്ചൽസ് കോ മോഷൻ കോൺഗ്രസ്. നഗര ഗതാഗത സാങ്കേതികവിദ്യ, ഗതാഗത പ്രശ്നങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുന്ന വേദിയിൽ ലോകത്തിലെ പ്രമുഖ ട്രാൻസ്പോർട് സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരാണു പങ്കെടുക്കുന്നത്. ലൊസാഞ്ചൽസ് മേയർ എറിഖ് ഗാർസെറ്റി ഉദ്ഘാടനം ചെയ്തു. ന്യൂസിറ്റീസ് ചെയർമാൻ ജോൺ റോസാന്റ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഗതാഗത രംഗത്തെ പ്രമുഖ സാങ്കേതിക വിദഗ്ദ്ധർ, സ്റ്റാർടപ്പുകൾ, നിർമ്മാതാക്കൾ തുടങ്ങിയവരും യോഗങ്ങളിൽ പങ്കെടുത്തു.
യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര, ബിസിനസ് നഗരമായി ദുബൈ മാറിയെന്നും അൽ തായർ പറഞ്ഞു.
നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുക, പൊതുഗതാഗതം കൂടുതൽപേർ ഉപയോഗിക്കാൻ വേണ്ട ആശയങ്ങൾ രൂപീകരിക്കുക, സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട ഗതാഗതത്തിനു വഴിയൊരുക്കുക തുടങ്ങിയ രംഗങ്ങളുമായി ബന്ധപ്പെട്ടാണ് ആർ.ടി.എ ദുബൈ വേൾഡ് ചാലഞ്ച് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ് പോർട് നടത്തുന്നത്.
ജനങ്ങളുടെ ഗതാഗതം, ചരക്ക് നീക്കം, ഇന്നവേഷൻ എന്നീ മൂന്നു പ്രധാന വിഭാഗങ്ങളിലാണു മൽസരമെന്നു അൽ തായർ പറഞ്ഞു. ലോകത്തിലെ പ്രമുഖ സ്ഥാപനങ്ങൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും ചാലഞ്ചിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്.


