യു.എ.ഇയിൽ ജനസംഖ്യ 91 ലക്ഷം കവിഞ്ഞു
ദുബൈ : യു.എ.ഇയിൽ ജനസംഖ്യ 91 ലക്ഷം കവിഞ്ഞു. ഫെഡറൽ കോന്പറ്റിറ്റീവ്‌നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയാണ് (എഫ്.സി.എസ്.എ.) ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. പുതിയ വിവരശേഖരണ സംവിധാനം അനുസരിച്ച് ഇനി എല്ലാ വർഷവും കൃത്യമായി വാർഷിക ജനസംഖ്യ പുറത്തുവിടാൻ കഴിയുമെന്ന് എഫ്.സി.എസ്.എ. ഡയറക്ടർ ജനറൽ അബ്ദുല്ല നാസ്സർ ലൂത്ത പറഞ്ഞു.
2016 ഡിസംബർ വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 9,121,167 പേരാണുള്ളത്. ഇതിൽ 6,298,294 പുരുഷന്മാരും 2,822,873 സ്ത്രീകളും ഉൾപ്പെടും. ജനസംഖ്യയുടെ 69 ശതമാനം പുരുഷന്മാരും 31 ശതമാനം സ്ത്രീകളുമാണ്.
2008−ൽ 48 ലക്ഷമായിരുന്ന യു.എ.ഇയിലെ ജനസംഖ്യ കഴിഞ്ഞ ഒന്പതു വർഷത്തിനിടെ ഇരട്ടിയായി വർദ്‍ധിച്ചു. രാജ്യത്തേക്ക് തൊഴിൽ തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ചതാണ് പ്രാധാനമായും ജനസംഖ്യ ഉയരാൻ കാരണമായത്.
ഐക്യരാഷ്ട്ര സഭയുടെ ജനസംഖ്യാ രേഖകളെ അടിസ്ഥാനമാക്കിയാണ് മുൻകാലങ്ങളിൽ യു.എ.ഇ ജനസംഖ്യ കണക്കാക്കിയിരുന്നത്. അതേസമയം ദുബൈ വർഷം തോറും എമിറേറ്റ്‌സിലെ ജനസംഖ്യയുടെ കണക്കുകൾ പുറത്തുവിട്ടിരുന്നു.

