ഇറാഖ് ഗൾഫ് കപ്പ് ഫുട്ബോൾ ഫൈനൽ: തിക്കിലും തിരക്കിലുംപെട്ട് നാല് മരണം

ഇറാഖ് ആതിഥേയത്വം വഹിക്കുന്ന അറേബ്യൻ ഗൾഫ് കപ്പിന്റെ ഫൈനൽ പോരാട്ടത്തിന് മുൻപ് ബസ്രയിലെ സ്റ്റേഡിയത്തിലുണ്ടായ തിരക്കിൽപെട്ട് നാല് മരണം. 80 പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ഇറാഖ് വാർത്ത ഏജൻസി അറിയിച്ചു. 1979ന് ശേഷം ആദ്യമായാണ് ഇറാഖ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. പതിറ്റാണ്ടുകളായി ഉപരോധം മൂലം അന്തർദേശീയ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ വിലക്കുണ്ടായിരുന്ന ഇറാഖ് ടൂർണമെന്റിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയത് മത്സരത്തിന്റെ ആവേശം കൂട്ടി.
65000 പേർക്ക് ഇരിക്കാവുന്ന ബസ്ര സ്റ്റേഡിയത്തിന്റെ ടിക്കറ്റുകൾ എല്ലാം ചൂടപ്പം പോലെയാണ് വിറ്റുതീർന്നത്. എങ്കിലും വ്യാഴാഴ്ച നടന്ന മത്സരം കാണുന്നതിനായി ആയിരക്കണക്കിന് ആരാധകരാണ് ടിക്കറ്റ് കൈവശമില്ലാതെ ബസ്ര ഇന്റർനാഷണൽ സ്റ്റേഡിയത്തിന് പുറത്ത് പുലർച്ചെ മുതൽ തടിച്ചുകൂടിയത്. ഏതുവിധേനെയെങ്കിലും മത്സരം കാണാൻ സാധിക്കും എന്ന പ്രതീക്ഷയാണ് അവരെ അവിടെ കാത്തിരിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറന്നപ്പോഴുണ്ടായ കാണികളുടെ കുത്തൊഴുക്കാണ് സ്ഥിതിഗതികൾ വഷളാകാൻ കാരണം. എന്നാൽ, സ്റ്റേഡിയം നിറഞ്ഞതിനാൽ എല്ലാ ഗേറ്റുകളും അടച്ചെന്നും മത്സരം കാണാൻ ടിക്കറ്റ് ഇല്ലാത്തവർ സ്റ്റേഡിയത്തിന്റെ പരിസരത്തുനിന്നും പിരിഞ്ഞു പോകണമെന്നും ഇറാഖ് ആഭ്യന്തര മന്ത്രാലയം പ്രസ്താവന ഇറക്കിയതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യെമൻ, ഇറാഖ് എന്നീ രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. ഫൈനലിൽ ഒമാനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇറാഖ് ഗൾഫ് കപ്പ് ജേതാക്കളായത്.
fdfgdg