ലോകകപ്പിലെ നിർമ്മാണ വിസ്മയം സ്റ്റേഡിയം 974 ഇനി അവിസ്മരണീയമായ ഓർമ്മ

ഖത്തർ ലോകകപ്പിനായി കണ്ടെയ്നറുകൾ കൊണ്ട് നിർമ്മിച്ച സ്റ്റേഡിയത്തിന് വിട. 974 കണ്ടെയ്‌നറുകൾ ഉപയോഗിച്ച് നിർമിച്ച സ്റ്റേഡിയത്തിന് ഇതേ പേര് തന്നെയാണ് നൽകിയിരുന്നത്. ഈ വേദിയിലെ മത്സരങ്ങൾ പൂർത്തിയായതോടെ സ്റ്റേഡിയം ഉടൻ പൊളിച്ചു നീക്കും. പ്രീ ക്വാർട്ടറിലെ ബ്രസീൽ – ദക്ഷിണ കൊറിയ മത്സരമാണ് ഇവിടെ അവസാനം നടന്നത്.
ഖത്തർ ലോകകപ്പിന് സമ്മാനിച്ച നിർമ്മാണ വിസ്മയങ്ങളിൽ ഒന്നായിരുന്നു 974 സ്റ്റേഡിയം. 974 കണ്ടെയ്നറുകൾ കൊണ്ട് നിർമ്മിച്ച ഈ സ്റ്റേഡിയം ഇനി അവിസ്മരണീയ ഓർമ്മയാണ്. ലോകകപ്പ് ചരിത്രത്തിൽ വച്ച് ഏറ്റവും വേറിട്ടതും പുതുമയാർന്നതുമായിരുന്നു 974 സ്റ്റേഡിയം. ഷിപ്പിംഗ് കണ്ടെയ്നറുകൾ കൊണ്ടാണ് സ്റ്റേഡിയം നിർമ്മിച്ചത്. പുനരുൽപ്പാദിപ്പിച്ച സ്റ്റീൽ കൊണ്ട് സ്ട്രക്ചർ തയ്യാറാക്കി. കളി കാണാനെത്തിയ ആരാധകർക്ക് ആവേശത്തിന്റെ പുതുതാളമാണ് സ്റ്റേഡിയം സമ്മാനിച്ചത്.
അർജന്റീനയുടെയും ബ്രസീലിന്റെയും അടക്കം ഏഴ് മത്സരങ്ങളാണ് ഈ സ്റ്റേഡിയത്തിൽ നടന്നത്. ദോഹയിലെ ബീച്ചിനടുത്താണ് ഈ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. സ്പെയിനിലെ സെൻവിഗ് എരിബാൻ ഗ്രൂപ്പാണ് നിർമ്മാണം ഏറ്റെടുത്തത്. ആരാധകരെ ആനന്ദത്തേരിലേറ്റി 974 സ്റ്റേഡിയം വിട പറയുകയാണ്. ഡിസംബർ പതിനാറിന് ശേഷം ഈ സ്റ്റേഡിയം ഉണ്ടാവില്ല.
aa