കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്: പ്രതികൾക്ക് ഇരട്ടജീവപര്യന്തം തടവും

കോവളത്ത് വിദേശ വനിതയെ ലഹരിവസ്തു നൽകി ബലാത്സംഗം ചെയ്ത് പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതികൾക്ക് ഇരട്ടജീവപര്യന്തം തടവും പിഴയും. 1,65,000 രൂപയാണ് പിഴ. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണൽ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കൊലനടന്ന് നാല് വർഷങ്ങൾക്ക് ശേഷമാണ് വിധിപ്രസ്താവമുണ്ടാകുന്നത്.പ്രതികൾക്കെതിരെ ചുമത്തിയ കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സാഹചര്യതെളിവ് മാത്രമുള്ള കേസാണ് ഇതെന്നും പ്രതികളുടെ പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
2018ലായിരുന്നു കേസിനാസ്പദമായ സംഭവം. ആയുർവേദ ചികിത്സക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് കൊലപെടുത്തുകയായിരുന്നു. പോത്തൻകോട്ടെ ആയൂർവേദ ചികിത്സാ കേന്ദ്രത്തിൽ നിന്നിറങ്ങി കോവളം ബീച്ചിലെത്തിയ ലാത്വിയൻ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന പ്രതികൾ ആളൊഴിഞ്ഞ കണ്ടൽക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി, ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2018 മാർച്ച് 14ന് യുവതിയെ കാണാതായതിനെ തുടർന്ന് സഹോദരി പൊലീസിൽ പരാതി നൽകി. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ 37 ദിവസത്തിന് ശേഷമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും പരമാവധി ശേഖരിച്ചുകൊണ്ടായിരുന്നു അന്വേഷണം.
gjug