ഏഷ്യ കപ്പ് ക്രിക്കറ്റ് റദ്ദാക്കി
കൊൽക്കത്ത: ക്രിക്കറ്റിലെ ഏഷ്യൻ ശക്തികൾ ഏറ്റുമുട്ടുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് റദ്ദാക്കിയതായി ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ഇന്ന് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ യോഗം ചേരാനിരിക്കെയാണ് ഗാംഗുലിയുടെ പ്രഖ്യാപനം. എന്നാൽ, കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഗാംഗുലി തയാറായില്ല. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലാണോ തീരുമാനമെടുത്തതെന്നും ഗാംഗുലി വ്യക്തമാക്കിയില്ല.
പാകിസ്ഥാൻ ആതിഥേയത്വം വഹിക്കേണ്ട ടൂർണമെന്‍റ് നടക്കേണ്ടത് യുഎഇയിലായിരുന്നു. പാകിസ്ഥാനിൽ ടൂർണമെന്റ് സംഘടിപ്പിച്ചാൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ അറിയിച്ചതോടെയാണ് മത്സരങ്ങൾ യുഎഇയിൽ സംഘടിപ്പിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്.
കൊറോണ മഹാമാരിക്ക് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരന്പര ഏതായിരിക്കുമെന്ന നിലവിൽ പറയാനാവില്ല. സർക്കാർ നിർദേശമനുസരിച്ച് മാത്രമെ മത്സരങ്ങൾ പുനരാരംഭിക്കാൻ കഴിയൂ. ട്വന്‍റി-20 ലോകകപ്പ് മാറ്റിവയ്ക്കുമെന്നുതന്നെയാണ് വിശ്വാസം. 2020നെ ഐപിഎൽ ഇല്ലാത്ത വർഷമാക്കില്ല- ഗാംഗുലി വ്യക്തമാക്കി.

