ലാ ലിഗയിൽ റയലിന് ജയം; പോയന്റ് പട്ടികയിൽ ഒന്നാമത്
മാഡ്രിഡ്: ലാ ലിഗയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയൽ മാഡ്രിഡ്. പുലർച്ചെ നടന്ന മത്സരത്തിൽ റയൽ സോസിഡാഡിനെ 2− 1ന് തോൽപ്പിച്ചാണ് റയൽ ബാഴ്‌സയിൽ നിന്ന് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇരു ടീമുകൾക്കും 30 മത്സരങ്ങളിൽ നിന്ന് 65 പോയന്റാണുള്ളത്. എന്നാൽ നേർക്കുനേർ വന്നപ്പോൾ റയലിനായിരുന്നു മൂൻതൂക്കം.
ക്യാപ്റ്റൻ സെർജിയോ റാമോസും കരീം ബെൻസേമയുമാണ് റയലിനായി ഗോൾ നേടിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 50ാം മിനിറ്റിലായിരുന്നു റയലിന്റെ ആദ്യ ഗോൾ. ഒരു പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് റാമോസ് ആണ് റയലിനെ മുന്നിൽ എത്തിച്ചത്. പിന്നാലെ 70ാം മിനുട്ടിൽ ബെൻസേമ റയലിന്റെ മൂന്ന് പോയന്റ് ഉറപ്പിച്ച രണ്ടാം ഗോളും നേടി.
ഇതിനിടയിൽ സോസിഡാഡ് നേടിയ ഒരു ഗോൾ വാർ ഓഫ്‌സൈഡ് വിധിച്ചത് വിവാദമായി. പിന്നീട് മെറീനോ സോസിഡാഡിന് വേണ്ടി ഗോൾ നേടി എങ്കിലും പരാജയം ഒഴിവായില്ല.

