ഈഡനിൽ ചരിത്രനേട്ടം സ്വന്തമാക്കി കോഹ്ലി
കൊൽക്കത്ത: ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോഹ്ലി സ്വന്തമാക്കിയത് അപൂർവ്‍വനേട്ടം. കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരെ 32 റൺസ് കൂടി നേടിയതോടെ ടെസ്റ്റിൽ നായകനെന്ന നിലയിൽ 5000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ നായകനായി കോഹ്ലി. ടെസ്റ്റിൽ അതിവേഗം ഈ നേട്ടത്തിലെത്തുന്ന ആദ്യ നായകനുമാണ് കോഹ്ലി. ലോക ക്രിക്കറ്റിൽ ക്യാപ്റ്റനെന്ന നിലയിൽ 5000 റൺസ് പിന്നിട്ട അഞ്ച് നായകന്‍മാരെയുള്ളുവെന്നത് കോഹ്ലിയുടെ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.
ദക്ഷിണാഫ്രിക്കൻ നായകനായിരുന്ന ഗ്രെയിം സ്മിത്ത് (109 മത്സരങ്ങളിൽ 8659 റൺസ്), ഓസ്ട്രേലിയയുടെ അലൻ ബോർഡർ(93 മത്സരങ്ങളിൽ 6623 റൺസ്), റിക്കി പോണ്ടിംഗ് (77 മത്സരങ്ങളിൽ 6542 റൺസ്), വെസ്റ്റ് ഇൻഡീസിന്റെ ക്ലൈവ് ലോയ്ഡ്(74 മത്സരങ്ങളിൽ 5233 റൺസ്), ന്യൂസിലൻഡിന്റെ സ്റ്റീഫൻ ഫ്ലെമിംഗ് (80 മത്സരങ്ങളിൽ 5156 റൺസ്)എന്നിവരാണ് കോഹ്ലിക്ക് മുന്പ് ഈ നേട്ടം സ്വന്തമാക്കിയ നായകന്‍മാർ.
ഡേ നൈറ്റ് ടെസ്റ്റിനിറങ്ങുന്പോൾ 52 മത്സരങ്ങളിൽ 4968 റൺസായിരുന്നു കോഹ്ലിയുടെ പേരിലുണ്ടായിരുന്നത്. ഇൻഡോറിൽ നടന്ന ആദ്യ ടെസ്റ്റിലും നേട്ടം മറികടക്കാനുളള അവസരമുണ്ടായിരുന്നെങ്കിലും കോഹ്ലി പൂജ്യത്തിന് പുറത്തായിരുന്നു.

