കോഹ്‌ലിക്ക് ഡബിൾ; കൂറ്റൻ സ്കോറുമായി ഇന്ത്യ


പൂനെ: ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഏഴാം ഡബിൾ സെഞ്ചുറി മികവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ഒന്നാം ഇന്നിംഗ്സിൽ 601/5 എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്തു. കരിയറിലെ ഏറ്റവും മികച്ച സ്കോർ നേടിയ കോഹ്‌ലി 254 റണ്‍സോടെ പുറത്താകാതെ നിന്നു. 33 ഫോറുകളും രണ്ടു സിക്സറുകളും പറത്തിയ കോഹ്‌ലി ക്യാപ്റ്റനായിട്ടുള്ള 50−ാം ടെസ്റ്റിൽ 7,000 റൺസ് എന്ന നാഴികക്കല്ലും പിന്നിട്ടു. പൂനെയിൽ രണ്ടാം ദിനം മുഴുവൻ കോഹ്‌ലി ഷോയാണ് അരങ്ങേറിയത്. 26−ാം സെഞ്ചുറി ഉച്ചഭക്ഷണത്തിന് മുൻപ് പൂർത്തിയാക്കിയ കോഹ്‌ലി ചായയ്ക്ക് പിന്നാലെ ഡബിൾ സെഞ്ചുറിയിലുമെത്തി. 

സ്കോർ 208−ൽ നിൽക്കേ സെനുറാൻ മുത്തുസ്വാമിയുടെ പന്തിൽ കോഹ്‌ലി പുറത്തായെങ്കിലും നോബോളായത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. രവീന്ദ്ര ജഡേജ (91), വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (59) എന്നിവർ നായകന് ഉറച്ച പിന്തുണ നൽകി കൂടെനിന്നു. നാലാം വിക്കറ്റിൽ കോഹ്‌ലി−രഹാനെ സഖ്യം 178 റൺസ് കുറിച്ചു. പിന്നാലെ എത്തിയ ജഡേജയും ബാറ്റിംഗ് മോശമാക്കിയില്ല. അതിവേഗത്തിൽ സ്കോർ ചെയ്ത ജഡേജ 104 പന്തിൽ എട്ട് ഫോറും രണ്ടു സിക്സും പറത്തിയാണ് 91 റൺസിലെത്തിയത്. കോഹ്‌ലി −ജഡേജ സഖ്യം അഞ്ചാം വിക്കറ്റിൽ അടിച്ചെടുത്തത് 225 റൺ‍സ്. ജഡേജ പുറത്തായതിന് പിന്നാലെ കോഹ്‌ലി ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയും ചെയ്തു. നേരത്തെ ആദ്യദിനം ഓപ്പണർ മായങ്ക് അഗർവാൾ സെഞ്ചുറിയും (108), ചേതേശ്വർ പൂജാര അർദ്ധ സെഞ്ചുറിയും (58) നേടിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗീസോ റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed