നദാലിനെതിരെ ഉത്തേജകമരുന്ന് ആരോപണം : മുൻ ഫ്രഞ്ച് കായികമന്ത്രി 12,000 യൂറോ നഷ്ടപരിഹാരം നൽകണം
പാരീസ് : ലോക ഒന്നാം നന്പർ ടെന്നിസ് താരമായ റാഫേൽ നദാലിനെതിരെ ഉത്തേജകമരുന്ന് ആരോപണം ഉന്നയിച്ച ഫ്രഞ്ച് മുൻ കായികമന്ത്രി റോസ്ലിൻ ബഷ്ലോ 12,000 യൂറോ(ഏകദേശം 9.1 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകണമെന്ന് പാരീസ് കോടതി ഉത്തരവിട്ടു. ബഷ്ലോയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് നദാലിന്റെ വാദത്തെ അംഗീകരിച്ച കോടതി, നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.
2012ൽ നദാൽ ആറുമാസം പരിക്ക് അഭിനയിച്ച് കളത്തിൽ നിന്നു വിട്ടു നിന്നത് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനാലാണെന്ന് ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് ബഷ്ലോ ആരോപിച്ചത്. ബഷ്ലോയുടെ ആരോപണം തന്റെ കരിയറിനെയും പരസ്യ വരുമാനത്തെയും ബാധിച്ചെന്നും അതുകൊണ്ട് ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ട് നദാൽ മാനനഷ്ടക്കേസ് നൽകുകയായിരുന്നു.
നഷ്ടപരിഹാരതുക പൂർണമായും ഫ്രഞ്ച് ചാരിറ്റിക്ക് വേണ്ടി സംഭാവനം ചെയ്യുമെന്ന് നദാൽ പറഞ്ഞു. മാധ്യമങ്ങളിലൂടെ കായിക താരങ്ങൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്ന പ്രമുഖർ ശിക്ഷിക്കപ്പെടാതെ പോകുന്നത് തടയണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും നദാൽ പറഞ്ഞു.


