പ്രതീക്ഷകൾ അസ്തമിച്ചു : ചിത്രയ്ക്കു ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനാകുമെന്ന മോഹം പൊലിഞ്ഞു
ന്യൂഡൽഹി : പ്രാർഥനകളും അധികൃതരുടെ അവസാനവട്ട ശ്രമങ്ങളും ഫലം കണ്ടില്ല; പി.യു. ചിത്രയ്ക്കു ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനാകുമെന്ന മോഹം പൊലിഞ്ഞു. ദേശീയ അത്‌ലറ്റിക് ഫെഡറേഷന്റെ (എഎഫ്ഐ) കത്ത് രാജ്യാന്തര അത്ലറ്റിക് ഫെഡറേഷൻ തള്ളിയതോടെയാണു ചിത്രയുടെ മൽസര പ്രതീക്ഷകൾ അസ്തമിച്ചത്.
കേരള ഹൈക്കോടതി വിധിയുണ്ടെങ്കിലും ചിത്രയ്ക്കു ലോക ചാംപ്യൻഷിപ്പിൽ മൽസരിക്കാൻ സാധിക്കില്ലെന്ന കടുത്ത നിലപാടാണു ദേശീയ അത്‌ലറ്റിക് ഫെഡറേഷൻ എടുത്തത്. കായിക മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നും കോടതിയലക്ഷ്യ നടപടി ഭയന്നുമാണു പിന്നീട് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷനു കത്തയച്ചത്. എന്നാൽ സമയപരിധി കഴിഞ്ഞതിനാൽ എഎഫ്ഐയുടെ കത്ത് രാജ്യാന്തര അത്ലറ്റിക് ഫെഡറേഷൻ തള്ളി.
തീരുമാനത്തിൽ സങ്കടമുണ്ടെന്നും വലിയ അവസരമാണു നഷ്ടപ്പെട്ടതെന്നും പി.യു. ചിത്ര പ്രതികരിച്ചു. ചാനലുകളിലൂടെയാണു വാർത്ത അറിഞ്ഞത്. ആരും നേരിട്ട് ഒന്നും പറഞ്ഞിരുന്നില്ല. ഭാഗ്യം ഇല്ലാതായതിൽ വലിയ സങ്കടമുണ്ട്. ഹൈക്കോടതി ഇടപെട്ടപ്പോഴും ദേശീയ അത്‌ലറ്റിക് ഫെഡറേഷൻ കത്തയച്ചപ്പോഴും ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. വാർത്ത വരുന്നതുവരെ പ്രതീക്ഷയിലായിരുന്നു– പി.യു. ചിത്ര പറഞ്ഞു.
100 മീറ്ററിൽ ഇന്ത്യൻ വനിതാ താരം ദ്യുതി ചന്ദിന് അവിചാരിതമായി വൈൽഡ് കാർഡ് എൻട്രി ലഭിച്ചതു ചിത്രയുടെ പ്രതീക്ഷകൾ വർധിപ്പിച്ചിരുന്നു. ചിത്രയ്ക്കൊപ്പം ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട മൂന്ന് പേരിലൊരാളായ സുധാ സിങ്ങിനെ അവസാനനിമിഷം തിരുകിക്കയറ്റാൻ അത്‌ലറ്റിക് ഫെഡറേഷൻ ഉൽസാഹം കാണിച്ചതു വിവാദമായി. യോഗ്യതാമാര്‍ക്കിനേക്കാള്‍ 10.42 സെക്കന്‍ഡ് പിന്നിലാണു ചിത്ര ഫിനിഷ് ചെയ്തത്. സുധയാകട്ടെ, യോഗ്യതാമാര്‍ക്കിനേക്കാള്‍ 17.05 സെക്കന്‍ഡ് പിറകിലും. എന്നാൽ ഇതേ ആനുകൂല്യവും താൽപര്യവും ചിത്രയുടെ കാര്യത്തിലുണ്ടായില്ല. സുധയും ദ്യുതിയും ഉള്‍പ്പെട്ടതോടെ ഇന്ത്യന്‍ സംഘാംഗങ്ങളുടെ എണ്ണം 24ല്‍ നിന്ന് 26 ആയി.
ലണ്ടനിൽ ആഗസ്റ്റ് നാലു മുതൽ 13 വരെ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ സംഘത്തിൽ മലയാളി താരം പി.യു. ചിത്രയെ ഉൾപ്പെടുത്തണമെന്നു കഴിഞ്ഞദിവസം കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ടീമിന്റെ അന്തിമ പട്ടിക സമർപ്പിക്കാനുള്ള അവസരം കഴിഞ്ഞെന്നായിരുന്നു എഎഫ്ഐയുടെ വിശദീകരണം. ഹൈക്കോടതി വിധി മാനിക്കണമെന്നും ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്നും കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ നിർദേശിച്ചതോടെ ഫെഡറേഷൻ മനസ്സു മാറ്റുകയായിരുന്നു. എല്ലാ വാതിലുകളും അടഞ്ഞെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ദേശീയ അത്‌ലറ്റിക് ഫെഡറേഷൻ ചിത്രയ്ക്കായി കത്തയച്ചത്.

