ദിലീപിന്റെ മാനേജർ അപ്പുണ്ണി ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരായി


കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ നടൻ ദിലീപിന്റെ മാനേജർ എ.എസ്. സുനിൽരാജ് (അപ്പുണ്ണി) ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരായി. അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന്, ഇന്നു ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നൽകിയിരുന്നു. മുൻപും ചോദ്യം ചെയ്യലിനു പൊലീസ് നോട്ടിസ് നൽകിയെങ്കിലും ഒളിവിലായിരുന്ന അപ്പുണ്ണി പ്രതികരിച്ചിരുന്നില്ല.

എത്രയും വേഗം ചോദ്യം ചെയ്യലിനു വിധേയനാകണമെന്നു നിർദേശിച്ചാണ് അപ്പുണ്ണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഭീഷണിയും മൂന്നാംമുറയുമുണ്ടാകുമെന്ന് ഇയാൾ ഹർജിയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിയമപ്രകാരം മാത്രമേ ചോദ്യം ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്നു കോടതി പൊലീസിനോടു നിർദേശിച്ചിട്ടുണ്ട്. സംശയകരമായ ചില സാഹചര്യങ്ങളെക്കുറിച്ച് അപ്പുണ്ണിയിൽനിന്നു വ്യക്തത തേടേണ്ടതുണ്ടെന്നാണു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

അപ്പുണ്ണിയെ ഗൂഢാലോചനാക്കേസിൽ നിലവിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും ചോദ്യം ചെയ്യലിനുശേഷം നിയമാനുസൃത നടപടിയുണ്ടായേക്കും. മുഖ്യ പ്രതി സുനിൽകുമാർ ജയിലിൽനിന്ന് അപ്പുണ്ണിയുടെ ഫോണിലേക്കു വിളിച്ചുവെന്നതിനു പൊലീസിന്റെ പക്കൽ തെളിവുകളുണ്ട്. ഈ സമയത്തെല്ലാം ദിലീപും അപ്പുണ്ണിയും ഒരേ ടവറിനു കീഴിലായിരുന്നുവെന്നും പൊലീസ് പറയുന്നു. അപ്പുണ്ണിയുടെ ഫോണിൽ വിളിച്ചു ദിലീപുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നു ചില സിനിമാ പ്രവർത്തകരുടെ മൊഴി പൊലീസിന്റെ സംശയത്തിനു ബലം പകരുന്നതാണ്. സുനിൽകുമാർ ജയിലിൽ വച്ചെഴുതിയ കത്ത് ദിലീപിനു കൈമാറാൻ സുനിലിന്റെ സഹതടവുകാരൻ വിഷ്ണു ഫോണിൽ ബന്ധപ്പെട്ടത് അപ്പുണ്ണിയെയായിരുന്നുവെന്നാണു പൊലീസിനു ലഭിച്ച തെളിവുകൾ.

കത്ത് കൈപ്പറ്റാൻ തയാറാകാതിരുന്നതിനെത്തുടർന്നു കത്തിന്റെ ചിത്രം വാട്സാപ് ചെയ്തുകൊടുത്തത് അപ്പുണ്ണിയുടെ ഫോണിലേക്കാണ്. ഇതു സംബന്ധിച്ചും പൊലീസിനു വിവരം ശേഖരിക്കേണ്ടതുണ്ട്. ഒപ്പം, ദിലീപിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം ചോദിച്ചറിയുമെന്നാണ് കരുതുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed