വിധി വന്നിട്ടും ചിത്ര പുറത്തുതന്നെ : നിഷേധാത്മക നിലപാട് തുടർന്ന് അത്‍ലറ്റിക് ഫെഡറേഷൻ
കൊച്ചി : പി.യു. ചിത്രയെ ലോക ചാംപ്യൻഷിപ്പിൽ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതിയും, ഉത്തരവ് നടപ്പാക്കണമെന്ന് കേന്ദ്ര കായിക മന്ത്രാലയവും ആവശ്യപ്പെട്ടെങ്കിലും നിഷേധാത്മക നിലപാട് തുടർന്ന് അത്‍ലറ്റിക് ഫെഡറേഷൻ. തങ്ങളുടെ വാദം കേൾക്കാതെയാണ് ഹൈക്കോടതി ചിത്രയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചതെന്ന് അത്‍ലറ്റിക് ഫെഡറേഷൻ പ്രസിഡന്റ് വ്യക്തമാക്കി. സമയപരിധി കഴിഞ്ഞ സാഹചര്യത്തിൽ ചിത്രയെ ടീമിൽ ഉൾപ്പെടുത്താൻ നിർവാഹമില്ലെന്നും ഫെഡറേഷൻ പ്രസിഡന്റ് അറിയിച്ചു. ഇതേക്കുറിച്ച് തിങ്കളാഴ്ച ഹൈക്കോടതിയിൽ വിശദീകരണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മികവുറ്റ ഒരു അത്‌ലീറ്റിനെ ടീമിൽനിന്ന് ഒഴിവാക്കാൻ അഖിലേന്ത്യാ ഫെഡറേഷൻ നടത്തിയ ഗൂഢാലോചനയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും ഫെഡറേഷന്റെ നിലപാട് അപലപനീയമാണെന്നും കായികമന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. കളത്തിനു പുറത്തുള്ള കാരണങ്ങളാണ് ചിത്രയെ ഒഴിവാക്കുന്നതിലേക്ക് നയിച്ചതെന്നാണ് മനസിലാകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചിത്രയുടെ കാര്യത്തില്‍ ഇടപെടാനാവില്ലെന്ന് ഏഷ്യന്‍ അത്‍ലറ്റിക്ക് അസോസിയേഷൻ വ്യക്തമാക്കി. തീരുമാനമെടുക്കേണ്ടത് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷനാണെന്നും ഏഷ്യന്‍ അത്‍ലറ്റിക്ക് അസോസിയേഷൻ അറിയിച്ചു.
ഹൈക്കോടതി വിധി അത്‍ലറ്റിക് ഫെഡറേഷനും കേന്ദ്രസർക്കാരിനും ഒരുപോലെ തിരിച്ചടിയാണെങ്കിലും ചിത്രയെ ടീമിലുൾപ്പെടുത്താൻ ഇനി ഒരുവഴിയുമില്ലെന്നാണ് ഫെഡറേഷന്റെ നിലപാട്. ഹൈക്കോടതി വിധിക്കെതിരെ തിങ്കളാഴ്ച അത്‍ലറ്റിക് ഫെഡറേഷൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. ലോക ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ എൻട്രി സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 24 ആയിരുന്നു. അന്നു ചിത്രയുടെ പേര് ഒഴിവാക്കിയാണ് ലിസ്റ്റ് അയച്ചത്. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം എൻട്രികൾ സ്വീകരിക്കുന്ന ലോക ചാംപ്യൻഷിപ്പ് സംഘാടകർ അവസാന നിമിഷ എൻട്രികൾ സ്വീകരിക്കാറുമില്ല.
രാജ്യാന്തര മീറ്റുകളിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാജ്യാന്തര കായിക കോടതിയുടെ ഉത്തരവുകൾക്കുമാത്രമേ സാധുതയുള്ളൂവെന്നതും ചിത്രയ്ക്ക് വിലങ്ങുതടിയാണ്.

