പി.യു. ചിത്രയെ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി


കൊച്ചി : ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ അവസരം നിഷേധിക്കപ്പെട്ട മലയാളി അത്‍ലറ്റ് പി.യു. ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. യോഗ്യത നേടിയിട്ടും ചിത്രയെ ഒഴിവാക്കിയ സിലക്‌ഷൻ കമ്മിറ്റിയുടെ തീരുമാനം ഉചിതമല്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി, ചിത്ര ടീമിൽ ഉണ്ടെന്ന കാര്യം അത്‌ലറ്റിക് ഫെഡറേഷൻ ഉറപ്പുവരുത്തണമെന്നും ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടു.

തന്നെ ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയതിനെതിരെ പി.യു. ചിത്ര സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ചിത്ര പ്രതികരിച്ചു. ചാംപ്യൻഷിപ്പിൽ മൽസരിക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ചിത്ര പറഞ്ഞു. കേസിന്റെ വിശദമായ വാദം തിങ്കളാഴ്ച കേൾക്കും.

സിലക്ഷൻ കമ്മിറ്റിയുടെ തീരുമാനം നീതിയുക്തമല്ലെന്നും ഇതേക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സീനിയർ മീറ്റിൽ മൽസരിക്കാത്തവർക്കും ലണ്ടനിലെ ലോകചാംപ്യൻഷിപ്പിനുള്ള ടീമിൽ ഇടം ലഭിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ലോക കോടതി ഉത്തരവ് നടപ്പാക്കാൻ അത്‍ലറ്റിക് ഫെഡറേഷന് നിർദ്ദേശം നൽകുമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ അറിയിച്ചു.

ഓഗസ്റ്റ് നാലുമുതൽ 13 വരെ ലണ്ടനിൽ നടക്കുന്ന ലോക മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടും ഒഴിവാക്കിയതിനു പിന്നിൽ സിലക്‌ഷൻ കമ്മിറ്റിയിലെ ചിലരുടെ നിക്ഷിപ്ത താൽപര്യമാണെന്ന് ചിത്ര പറഞ്ഞിരുന്നു. അടുത്തിടെ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ മികച്ച പ്രകടനം നടത്തി വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ‌ ഇന്ത്യയ്ക്കുവേണ്ടി സ്വർണം നേടിയിരുന്നു. ഏഷ്യൻ മീറ്റിൽ ഒന്നാമതെത്തിയ താരം സ്വാഭാവികമായി ലോകമീറ്റിൽ പങ്കെടുക്കാൻ അർഹത നേടുമെങ്കിലും ഇതു പരിഗണിക്കാതെ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ, തന്നെ ഒഴിവാക്കിയെന്നാണു ചിത്രയുടെ ആരോപണം.

ചിത്രയ്ക്ക് അവസരം നിഷേധിച്ചത് വിവാദമായ പശ്ചാത്തലത്തിൽ കേന്ദ്ര കായിക മന്ത്രാലയം അത്‍ലറ്റിക് ഫെഡറേഷനിൽനിന്ന് വിശദീകരണം തേടിയിരുന്നു. ഏഷ്യൻ മീറ്റിലെ സ്വർണം യോഗ്യതയായി കണക്കാക്കാനാകില്ലെന്നും, ചിത്ര അയോഗ്യയായതിനാലാണ് ടീമിൽ ഉൾപ്പെടുത്താത്തതെന്നുമായിരുന്നു ഫെഡറേഷന്റെ മറുപടി.

ലണ്ടൻ ചാംപ്യൻഷിപ്പിൽ മൽസരിക്കുന്നതിനുള്ള ആദ്യ ഇന്ത്യൻ സംഘം 27നു രാത്രി ലണ്ടനിലെത്തി. 23 അംഗ ടീമാണ് ഇന്ത്യയ്ക്കായി ലണ്ടനിൽ ഇറങ്ങുക. പി.ടി.ഉഷ ഉൾപ്പെടുന്ന അടുത്ത സംഘം 31നു പുറപ്പെടാനിരിക്കെയാണ് ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്ന ഉത്തരവ്. അതേസമയം, എൻട്രികൾ അയയ്ക്കേണ്ട കാലാവധി അവസാനിച്ചതിനാൽ, വിധി അനുകൂലമായെങ്കിലും ചിത്രയ്ക്ക് ലണ്ടനിൽ മൽസരിക്കാൻ സാധിക്കുമോയെന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ലോക ചാംപ്യൻഷിപ്പിനുള്ള എൻട്രികൾ അയയ്ക്കേണ്ട അവസാന ദിനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed