നടിയെ ആക്രമിച്ച കേസിൽ മുകേഷ്, ശ്യാമള, റിമി ടോമി എന്നിവരെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടൻ മുകേഷ് എംഎൽഎ, കാവ്യയുടെ അമ്മ ശ്യാമള, ടിവി അവതാരക റിമി ടോമി എന്നിവരെ വീണ്ടും ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി മുൻപ് മുകേഷിന്റെ ഡ്രൈവറായിരുന്നു. അക്കാലയളവിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ചോദിച്ചറിയുന്നതിനാണ് ചോദ്യം ചെയ്യൽ. മുകേഷിനെ കഴിഞ്ഞ ദിവസം എംഎൽഎ ഹോസ്റ്റലിൽവച്ചു ചോദ്യം ചെയ്തിരുന്നു.
കാവ്യ മാധവന്റെ അമ്മ ശ്യാമളയേയും കാവ്യയെയും അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം പൾസർ സുനിയും വിജീഷും കാവ്യാമധവന്റെ ഉടമസ്ഥതയിൽ കാക്കനാടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവിടെനിന്ന് ഇവർക്ക് സാമ്പത്തിക സഹായം ലഭിച്ചതായും സൂചനയുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചാണ് അവതാരകയും ഗായികയുമായ റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദിലീപിനൊപ്പം നടത്തിയ വിദേശഷോകളെക്കുറിച്ചാണ് ചോദിച്ചതെന്ന് റിമി വ്യക്തമാക്കിയിരുന്നു.

