ചി­ത്രയ്ക്ക് യോ­ഗ്യതയി­ല്ലെ­ന്ന് അത്‌ലറ്റിക് ഫെ­ഡറേ­ഷൻ


ന്യൂഡൽഹി : മലയാളി അത്ലറ്റ് പി.യു ചിത്രയ്ക്ക് ലോക ചാന്പ്യൻഷിപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. അത്‌ലറ്റിക് ചാന്പ്യൻ‍ഷിപ്പിൽ‍ പങ്കെടുക്കാൻ ചിത്രക്ക് യോഗ്യത ഇല്ലെന്ന് കേന്ദ്ര കായിക മാന്ത്രാലയത്തിന് ഫെഡറേഷൻ റിപ്പോർ‍ട്ട് നൽ‍കി. ഏഷ്യൻ ചാന്പ്യൻഷിപ്പിൽ‍ സ്വർ‍ണ്ണം നേടിയത് യോഗ്യതയായി പരിഗണിക്കാനാവില്ലെന്ന് അത്‌ലറ്റിക്ക് ഫെഡറേഷൻ നൽ‍കിയ റിപ്പോർ‍ട്ടിൽ‍ പറയുന്നുണ്ട്. 

ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ ചിത്രയുടെ പ്രകടനം നിലവാരമുള്ളതായിരുന്നില്ല. 1,500 മീറ്ററിൽ 4.28 മിനിറ്റ് കൊണ്ടാണ് ചിത്ര മത്സരം പൂർത്തിയാക്കിയത്. ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പ് വെച്ച് പ്രകടനം വിലയിരുത്തിയാൽ ട്രെയൽസിന്‍റെ നിലവാരത്തിലെ ഈ പ്രകടനം എത്തുന്നുള്ളൂവെന്നാണ് ഫെഡറേഷന്‍റെ കണ്ടെത്തൽ. താരങ്ങളുടെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് ലോക ചാന്പ്യൻഷിപ്പിനുള്ള ടീമിനെ കണ്ടെത്തിയതെന്നും ഫെഡറേഷൻ വ്യക്തമാക്കുന്നു.

ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കുന്നതിൽ നിന്നും പി.യു ചിത്രയെ ഒഴിവാക്കിയത് കേരളത്തിൽ ഏറെ പ്രതിഷേധനങ്ങൾക്കിടയാക്കിയിരുന്നു. പരിശീലക സംഘത്തിലെ ആളുകളുടെ എണ്ണം കൂട്ടാനാണ് ചിത്രയെ തഴഞ്ഞതെന്ന ആരോപണം ശക്തമാണ്. മൂന്ന് മലയാളികൾ സെലക്ഷൻ കമ്മിറ്റിയിൽ ഉണ്ടായിട്ടും ചിത്രയ്ക്ക് നീതി ലഭിച്ചില്ലെന്നത് പ്രതിഷേധത്തിനിടയാക്കി. ചിത്രയെ ഒഴിവാക്കിയതിനെതിരെ പരിശീലകൻ എൻ.എസ് സിജിൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. 

അതേസമയം ചിത്രയെ ഒഴിവാക്കിയതിൽ തനിക്ക് പങ്കില്ലെന്ന് പി.ടി ഉഷ പറഞ്ഞു. താൻ സെലക്ഷൻ കമ്മിറ്റി അംഗമല്ല. നിരീക്ഷക എന്ന നിലയിലാണ് കമ്മിറ്റിയിൽ പങ്കെടുത്തത്. ചിത്രയെ ഒഴിവാക്കിയതിൽ തനിക്കു വിഷമമുണ്ടെന്നും ഉഷ പറഞ്ഞു. 

ലോക ചാന്പ്യൻഷിപ്പിനുള്ള സെലക്ഷൻ മാനദണ്ധത്തിന് അടുത്തെത്തിയവരെ തിരഞ്ഞെടുത്താൽ മതിയെന്ന് സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചിരുന്നു. സ്ഥിരതയില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചിത്രയെ അവഗണിച്ചത്. ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്നായിരുന്നു തന്‍റെ താൽപ്പര്യമെന്നും ഉഷ കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed