ലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ
ഗോൾ : ഏകദിന ശൈലിയിൽ തകർത്തടിച്ച് ഇരട്ടസെഞ്ചുറിക്ക് തൊട്ടടുത്ത് പുറത്തായ ഓപ്പണർ ശിഖർ ധവാന്റെ മികവിൽ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 358 റൺസെന്ന നിലയിലാണ്. രണ്ടാം വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് (253) തീർത്ത ധവാൻ–പൂജാര സഖ്യമാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തു പകർന്നത്. പൂജാര 122 റൺസോടെയും അജിൻക്യ രഹാനെ 24 റൺസോടെയും ക്രീസിലുണ്ട്.
ധവാൻ ഇരട്ടസെഞ്ചുറിക്ക് 10 റൺസകലെ പുറത്തായി. 26 പന്തിൽ രണ്ടു ബൗണ്ടറി ഉൾപ്പെടെ 12 റൺസെടുത്ത ഓപ്പണർ അഭിനവ് മുകുന്ദിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി കുറിച്ച ധവാൻ, 168 പന്തിൽ 190 റൺസെടുത്താണ് മടങ്ങിയത്. 31 ബൗണ്ടറികൾ ഉൾപ്പെടുന്നതാണ് ധവാന്റെ ഇന്നിങ്സ്. ക്യാപ്റ്റൻ വിരാട് കോഹ്‌ലി എട്ടു പന്തിൽ മൂന്ന് റൺസുമായി മടങ്ങി. നുവാൻ പ്രദീപിനാണ് വിക്കറ്റുകൾ.

