രാഷ്ട്രപതി റാം നാഥ് കോവിന്ദിന്‍റെ ആദ്യ പ്രസംഗത്തില്‍ വിവാദം : സഭാ നടപടികൾ അവസാനിപ്പിച്ചു
ന്യൂഡൽഹി : രാഷ്ട്രപതി റാം നാഥ് കോവിന്ദിന്‍റെ ആദ്യ പ്രസംഗത്തില്‍ മഹാത്മാ ഗാന്ധിയേയും ദീന്‍ദയാൽ ഉപാധ്യായയേയും താരതമ്യപ്പെടുത്തിയത് ശരിയായില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് രാജ്യസഭയില്‍ പ്രതിഷേധിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിൽ മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പേര് പരാമർശിച്ചില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാവ് ആനന്ദ് ശർമയാണ് വിഷയങ്ങൾ ഉന്നയിച്ചത്. രാഷ്ട്രപതിയുടെ ആദ്യ പ്രസംഗം നിരാശാജനകമായിരുന്നെന്നും സ്വാതന്ത്ര്യസമര നേതാക്കളെ ബിജെപി മനഃപൂർവം ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആനന്ദ് ശർമയ്ക്ക് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി മറുപടി നൽകിയതോടെ നടപടികൾ ബഹളത്തിലേക്ക് തിരിഞ്ഞു. സഭയുടെ ശൂന്യവേള ടെലിവിഷൻ ചാനലുകളുടെ നേട്ടങ്ങൾക്കു വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നായിരുന്ന ജയ്റ്റ്‍ലിയുടെ പ്രതികരണം. ശൂന്യവേളയിൽ ഇത്തരം കാര്യങ്ങളല്ല ചർച്ച ചെയ്യേണ്ടത്. ആനന്ദ് ശർമയുടെ പരാമർശം രേഖകളിൽനിന്നും നീക്കം ചെയ്യണമെന്നും ജയ്റ്റ്‍ലി ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച ബിജെപി ഉന്നയിച്ച ബോഫോഴ്സ് അഴിമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽനിന്നും ശ്രദ്ധതിരിക്കാനാണ് കോൺഗ്രസ് ശ്രമം. ഞങ്ങളാരും ഇന്നലെ ജനിച്ചവരല്ല. മറ്റുള്ളവരുടെ ഓരോ കളിയും ഞങ്ങൾക്കറിയാമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തെ മൊത്തമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്നു പറഞ്ഞ ആനന്ദ് ശർമ, എല്ലാം കാമറകൾക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന ജയ്റ്റ്ലിയുടെ ആരോപണം തള്ളി. പ്രതിപക്ഷ നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നടപടികൾ അവസാനിപ്പിക്കാൻ ഡപ്യൂട്ടി സ്പീക്കർ തീരുമാനിച്ചു.

