നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നേരെയുള്ള കൊറോണ സദാചാര പൊലീസിംഗ്: സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നവയുഗം
ദമ്മാം: നാട്ടിലേയ്ക്ക് വിദേശങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്കും, വീട്ടുകാർക്കും നേരെ ചില സാമൂഹ്യവിരുദ്ധന്മാർ നടത്തുന്ന അക്രമസംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, അത്തരം “കൊറോണ സദാചാര പോലീസിംഗ്” അവസാനിപ്പിയ്ക്കാൻ കർശനമായ നടപടികൾ സ്വീകരിയ്ക്കാൻ കേരളസർക്കാരും ആഭ്യന്തര വകുപ്പും തയ്യാറാകണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേരളത്തിൽ ദിവസവും പുതുതായി ഉണ്ടാകുന്ന കോവിഡ് പോസിറ്റിവ് കേസുകളിൽ കൂടുതൽ എണ്ണം, വിദേശങ്ങളിൽ നിന്നും മടങ്ങിയെത്തിയ പ്രവാസികളാണ് എന്ന കാര്യത്തെ അനാവശ്യമായി പൊലിപ്പിയ്ക്കുന്ന മാധ്യമവാർത്തകൾ മൂലം, പ്രവാസികളെ കൊറോണവാഹകരായി മുദ്രകുത്തുന്ന അനാരോഗ്യപ്രവണത സമൂഹത്തിൽ വർദ്ധിയ്ക്കുന്നത് ആശങ്ക ഉണർത്തുന്ന വസ്തുതയാണ്. എന്നാൽ വിദേശത്തു നിന്നും നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികളിൽ വളരെ ചെറിയൊരു ശതമാനം മാത്രമേ കൊറോണ പോസിറ്റിവ് ആകുന്നുള്ളൂ എന്ന വസ്തുത മനഃപൂർവ്വം വിസ്മരിയ്ക്കപ്പെടുന്നു.
രോഗം വരുന്നത് ഒരു ക്രിമിനൽ കുറ്റമല്ല. പ്രവാസികൾ അന്യഗ്രഹജീവികളുമല്ല. അവരും ഈ നാടിന്റെ പൗരന്മാർ തന്നെയാണ്. പ്രവാസികളെ മൊത്തം കൊറോണ പകർത്താൻ നടക്കുന്നവരായി ചിത്രീകരിച്ചു, അവരുടെ വീടുകൾക്ക് നേരെ അക്രമം നടത്തുകയും , അവരുടെ വീട്ടുകാരെയും, ബന്ധുക്കളെയും അടക്കം അയിത്തം കൽപിച്ചു പീഢിപ്പിയ്ക്കുന്നതും, മലയാളികളെപ്പോലെ പ്രബുദ്ധരായ ജനതയ്ക്ക് ചേർന്നതല്ല.
ഇത്തരം സാമൂഹ്യവിരുദ്ധപ്രവർത്തികൾ നടത്തുന്നവർക്കെതിരെ അതിശക്തമായ നടപടികൾ കൈക്കൊള്ളാനും, ജനങ്ങളെ ബോധവൽക്കരിയ്ക്കാനും പോലീസും, കേരളസർക്കാരും തയ്യാറാകണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതായി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹനും, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും അറിയിച്ചു.

