സൗദിവൽക്കരണം 70 ശതമാനമായി കുറയ്ക്കുന്നതിനെക്കുറിച്ച് പഠനം നടത്തുന്നു

ജിദ്ദ : പുതുതായി സന്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കാൻ തീരുമാനിച്ച 12 മേഖലകളിൽ സൗദിവൽക്കരണം 70 ശതമാനമായി കുറയ്ക്കുന്നതിനെ കുറിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പഠിക്കുന്നു. സ്വകാര്യ മേഖലക്കും വിദേശ തൊഴിലാളികൾക്കും ഏറെ ഗുണം ചെയ്യുന്നതാണ് പുതിയ നീക്കം.
പന്ത്രണ്ടു മേഖലകളിൽ സന്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിലൂടെ അഞ്ചു ലക്ഷം സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാമെന്നാണ് ബന്ധപ്പെട്ട വകുപ്പുകൾ കണക്കു കൂട്ടുന്നത്. ഇതിലേറെ വിദേശികൾക്ക് ഈ മേഖലകളിൽ തൊഴിൽ നഷ്ടപ്പെടും.
പന്ത്രണ്ടു മേഖലകളിൽ സ്വദേശിവൽക്കരണത്തിൽ ഇളവ് നൽകുമെന്ന് സൗദിവൽക്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കരടു ഗൈഡിൽ മന്ത്രാലയം വെളിപ്പെടുത്തി. ഒപ്റ്റിക്കൽ ടെക്‌നീഷ്യൻ, കാർ മെക്കാനിക്ക്, വാച്ച് ടെക്‌നീഷ്യൻ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ നന്നാക്കുന്നവർ, ടൈലർ, പാചകക്കാരൻ, പലഹാര നിർമ്മാണ വിദഗ്ദ്ധൻ പോലെ സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലാളികളെ വ്യവസ്ഥകൾക്ക് വിധേയമായി സൗദിവൽക്കര ണത്തിൽ നിന്ന് ഒഴിവാക്കും.