ജിദ്ദയിൽ 490 ഭക്ഷ്യ വസ്തു വിൽപ്പന കേന്ദ്രങ്ങൾ അടപ്പിച്ചു
ജിദ്ദ : ജിദ്ദ നഗരസഭയും ശാഖാ ബലദിയകളും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകൾക്കിടെ ഗുരുതരമായ നിയമ ലംഘനങ്ങൾക്ക് 490 സ്ഥാപനങ്ങൾ അടപ്പിച്ചു. കേടായതും ഉപയോഗശൂന്യവുമായ പതിനാറു ടണ്ണിലേറെ ഭക്ഷ്യവസ്തുക്കളും രണ്ടായിരം ലിറ്ററിലേറെ പാനീയങ്ങളും നഗരസഭാധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു.
പതിനാറു ശാഖാ ബലദിയകളുടെ പരിധിയിൽ പെട്ട റസ്റ്റോറന്റുകളും കഫ്റ്റീരിയകളും ബഖാലകളും പലഹാര കടകളും അടക്കം 1,900 ഓളം സ്ഥാപനങ്ങളിൽ നഗരസഭാധികൃതർ പരിശോധനകൾ നടത്തി. ആരോഗ്യ വ്യവസ്ഥകൾ ലംഘിച്ചതിന് 1,443 സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ് നൽകി.
റെയ്ഡുകൾക്കിടെ 291 സാന്പിളുകൾ പരിശോധനകൾ ക്കായി ശേഖരിച്ചു. കാലാവധി തീർന്ന ഭക്ഷ്യവസ്തുക്കളും കേടായ ഭക്ഷ്യവസ്തുക്കളും, മോശം ശുചീകരണ നിലവാരം, മോശം രീതിയിൽ ഭക്ഷ്യവസ്തുക്കൾകൈകാര്യം ചെയ്യൽ, തൊഴിലാളികൾക്ക് ഹെൽത്ത് കാഡില്ലാതിരിക്കൽ പോലുള്ള നിയമ ലംഘനങ്ങളാണ് പരിശോധനകൾക്കിടെ കണ്ടെത്തിയത്.




