വളയം കൈയിലെടുത്ത് സൗദി വനിതകൾ
റിയാദ് : സൗദി അറേബ്യയിൽ ചരിത്രപരമായ മാറ്റം ഇന്ന് മുതൽ നിലവിൽ വന്നു. യാത്രക്കാരുടെ സീറ്റിൽ നിന്ന് സ്ത്രീകൾ ഡ്രൈവിംഗ് സീറ്റിലേക്ക് മാറി. സ്ത്രീകൾക്ക് വണ്ടിയോടിക്കാനുള്ള വിലക്ക് നീങ്ങിയ സൗദിയിൽ ഇന്ന് ആയിരക്കണക്കിന് സ്ത്രീകളാണ് വാഹനങ്ങളുടെ സ്റ്റിയറിംഗ് കൈയിലെടുത്തത്. അന്താരാഷ്ട്ര വാർത്ത ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം സമർ അൽമോഗ്രനാണ് ഈ വിപ്ലവകരമായ മുന്നേറ്റത്തിന്റെ ഭാഗമായി സൗദിയിൽ ആദ്യമായി വാഹനമോടിച്ച സ്ത്രീ. അർധരാത്രി കിംഗ് ഫഹദ് ഹൈവേയിലൂടെ വണ്ടിയോടിച്ചാണ് സമർ ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമായത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സാമൂഹിക- സാന്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി നടപ്പാക്കിയ ഈ തീരുമാനം വലിയ ആവേശത്തോടെയാണ് സൗദി സമൂഹം സ്വീകരിച്ചത്.
വനിതകൾക്ക് വണ്ടിയോടിക്കാൻ അവസരം ലഭിക്കുന്നത് വലിയ സാമൂഹിക മാറ്റത്തിന് വഴി തെളിയുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം, സുരക്ഷിതമായി വണ്ടിയോടിക്കണമെന്ന സന്ദേശവുമായി ഒട്ടേറെ ബോധവത്കരണ പരിപാടികളും രാജ്യത്തുടനീളം സംഘടിപ്പിക്കുന്നുണ്ട്.
സ്ത്രീകൾക്ക് ഡ്രൈവിംഗിന് അനുമതി ലഭിച്ച സാഹചര്യത്തിൽ വനിതാ ടാക്സികളും നിരത്തിലിറങ്ങുമെന്ന് പൊതു ഗതാഗത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. സ്വദേശി സ്ത്രീകൾക്ക് മാത്രമാണ് വനിതാ ടാക്സി ഓടിക്കാൻ അനുമതി. ഇതിന് പുറമേ പെൺകുട്ടികളുടെ സ്കൂൾ ബസുകളും സ്ത്രീകൾക്ക് ഓടിക്കാം. കാർ റെന്റൽ സർവീസുകളും നടത്താം.
സ്ത്രീകൾക്കും വണ്ടി ഓടിക്കാമെന്ന പ്രഖ്യാപനം വന്നത് മുതൽ ആയിരക്കണക്കിന് ആളുകളാണ് ഡ്രൈവിംഗ് പരിശീലനത്തിന് ചേർന്നത്. ഈ മാസം ആദ്യം മുതൽക്കേ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസുകൾ നൽകിത്തുടങ്ങിയിരുന്നു. വിവിധ പ്രവിശ്യകളിൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് പരിശീലനത്തിനുള്ള കേന്ദ്രങ്ങളും തുറന്നു. നാല് സർവ്വകലാശാലകളുമായി ഇതിനായി കരാറും ഒപ്പുവെച്ചു.




