ജനി­ച്ച മണ്ണി­ലേ­യ്ക്ക് മടങ്ങാൻ കടന്പകൾ ഇനി­യു­മേ­റെ­; കൈതാങ്ങായി പ്രവാസികൾ


മനാമ: ജനിച്ച മണ്ണിലേയ്ക്ക്‌ മടങ്ങാൻ എന്നെങ്കിലും കഴിയുമോ എന്നുള്ള ആശങ്കയുമായി ഗുദൈബിയയിലെ താമസ സ്ഥലത്ത്‌ രോഗാതുരമായ അവസ്ഥയിൽ കഴിച്ചു കൂട്ടുന്ന നളരാജന് ഇപ്പോഴും ആത്മവിശ്വാസം പകരുകയും സ്വന്തം പിതാവിനെപ്പോലെ ശുശ്രൂഷിക്കുകയും ചെയ്യുന്ന പ്രവാസി യുവാക്കൾ സാമൂഹ്യ പ്രവർത്തനത്തിന്റെ വേറിട്ട കാഴ്ചയാകുന്നു. പ്രതിഫലേച്ഛ പോലുമില്ലാതെ കഴിഞ്ഞ 5 വർഷമായി ഇദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കുന്നത് റോബിൻ കോശി, ജിതിൻ, അജയ് ശങ്കർ എന്നിവരാണ്. കൂടാതെ തൊട്ടടുത്തു തന്നെ താമസിക്കുന്ന ബൈജു തര്യനാണ് ഇവർക്ക് വേണ്ടുന്ന മറ്റു സഹായങ്ങൾ ചെയ്തു കൊടുക്കുന്നത്. ഒരു കണ്ണിനു കാഴ്ച ശക്തി നഷ്ടപ്പെട്ട നളരാജന് പര സഹായമില്ലാതെ പ്രാഥമിക കർമ്മങ്ങൾ പോലും നിർ വ്വഹിക്കാൻ പോകാൻ ബുദ്ധിമുട്ടാണ്. വെസ്റ്റ് ഏക്കറിൽ ബേക്കറി ബിസിനസ് നടത്തി മികച്ച നിലയിൽ ജീവിച്ചിരുന്ന നളരാജൻ സാന്പത്തികമായി തകരുകയും നിരവധി കേസുകളിൽ അകപ്പെടുകയും ചെയ്‌ത് ജയിലിൽ ആവുകയും ചെയ്തിരുന്നു. ഖത്തറിലുള്ള ഇദ്ദേഹത്തിന്റെ സഹോദരൻ പണം കൊടുത്തയക്കുകയും തുടർന്ന് കേസ് നടത്തുകയും ചെയ്തതോടെ ജയിൽ മോചിതനാവുകയായിരുന്നു. എങ്കിലും 67000 ദിനാറിന്റെ ബാധ്യതയുമായി 12 ഓളം കേസുകളാണ് ഇദ്ദേഹത്തിന്റെ പേരിൽ ഉള്ളത്. അതോടെയാണ് യാത്രാ നിരോധനം വന്നുപെട്ടത്. ജയിലിൽ നിന്നിറങ്ങി താമസിക്കാൻ ഇടമില്ലാതായതോടെയാണ് മുൻപ് ഇദ്ദേഹം താമസിച്ചിരുന്നിടത്ത് റൂം ഷെയറിംഗിൽ താമസിച്ചിരുന്ന യുവാക്കൾ ഇദ്ദേഹത്തിന് കൂടി ഇടം നൽകിയത്. തുടർന്നു ഇദ്ദേഹത്തിന്റെ ഭക്ഷണം, ആശുപത്രിയിൽ കൊണ്ടുപോകൽ തുടങ്ങി മുടി വെട്ടിക്കാൻ കൊണ്ട് പോകുന്നതുവരെ ഈ നാൽവർ സംഘമാണ്. ഞങ്ങൾക്ക് ഇദ്ദേഹം ഒരിക്കലും ബാധ്യതയായി തോന്നിയിട്ടില്ലെന്നും  നാട്ടിലേയ്ക്ക് പോകാൻ കഴിയാതായതോടെ മാനസികമായി തകർന്നു കിടക്കുന്ന അദ്ദേഹത്തിന് ആശ്വാസം പകരുവാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ഇവർ പറയുന്നു. നാട്ടിലുള്ള കുടുംബാംഗങ്ങളെ വിളിക്കാനുള്ള ടെലഫോൺ കാർഡ് അടക്കം വാങ്ങുന്നതെല്ലാം ഇവരാണ്. ലിഫ്റ്റ് പോലുമില്ലാത്ത കെട്ടിടത്തിലെ നാലാം നിലയിൽ നിന്ന് താഴേയ്ക്ക് ഇദ്ദേഹത്തെ എത്തിക്കുന്നത് തന്നെ ശ്രമകരമാണ്. ആശുപത്രി സന്ദർശനം, കേസുമായി ബന്ധപ്പെട്ട് എംബസിയിലും മറ്റും കൊണ്ടുപോവുക തുടങ്ങിയ കാര്യങ്ങളിലും ഇവർ ശ്രദ്ധ ചെലുത്തുന്നുണ്ട്. എങ്കിലും ഇത് എത്രനാൾ ഇങ്ങനെ ത്തുടർന്ന് പോകാനാകും എന്നത് ഈ യുവാക്കളെയും ആശങ്കപ്പെടുത്തുന്നുണ്ട്. കൂട്ടത്തിൽ ഒരാളുടെ കുടുംബം നാട്ടിൽ നിന്ന് വരുന്നതിനാൽ ഈ മുറിയിൽ താമസിക്കാൻ കഴിയില്ല. മറ്റുള്ളവർക്ക് അവധിക്കു നാട്ടിലും പോകേണ്ടിവരും. അതുകൊണ്ട് തന്നെ സ്വന്തം പിതാവിനെ പോലെ ഇതുവരെ പരിചരിച്ചു പോന്ന നളരാജനെ ഒറ്റയ്ക്ക് വിട്ടുപോകാൻ ഇവർക്ക് മനസ്സും വരുന്നില്ല.

ഇന്നലെ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ഐസിആർഎഫ് ചെയർമാൻ അരുൾദാസ്, സാമൂഹ്യ പ്രവർത്തകനായ കെടി സലിം എന്നിവർ നളരാജന്റെ താമസ സ്ഥലത്തെത്തി അദ്ദേഹത്തെ സന്ദർശിച്ചപ്പോഴും ഈ യുവാക്കൾ അവരുടെ ആശങ്കകൾ പങ്കു വെച്ചു. നിലവിൽ ഇന്ത്യൻ എംബസിയിൽ പുരുഷന്മാർക്കുള്ള അഭയ കേന്ദ്രം ഉണ്ടാവേണ്ടത് ഇത്തരം സാഹചര്യങ്ങളിൽ അത്യാവശ്യമാണെന്ന് സുബൈർ കണ്ണൂർ പറഞ്ഞു. നിസ്വാർത്ഥതയോടെ നളരാജനെ പരിചരിക്കുന്ന യുവാക്കൾ സാമൂഹ്യ പ്രവർത്തനത്തിന്റെ വേറിട്ട കാഴ്ചയാണ് നമുക്ക് കാട്ടിത്തരുന്നതെന്ന് സുബൈർ കണ്ണൂരും അരുൾദാസും അഭിപ്രായപ്പെട്ടു. നളരാജന് വേണ്ടി ഭക്ഷണം, ചികിത്സ, തുടങ്ങിയവ ആവശ്യമായി വരികയാണെങ്കിൽ ഐസിആർഎഫ്  സഹായിക്കാമെന്നും എംബസിയും, സാമൂഹ്യ പ്രവർത്തകരും, കേന്ദ്ര, കേരള സർക്കാരുകളുടെയും സംയുക്തമായ പരിശ്രമത്തിലൂടെ കേസുകളിൽ തീർപ്പു കൽപ്പിക്കാനുള്ള ശ്രമം പരമാവധി നടത്തുമെന്നും പ്രവാസി കമ്മീഷൻ പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed