ഈദ് ദിനത്തിൽ സൗദിയുടെ മുഖ്യാതിഥിയായി ലബനൻ പ്രധാനമന്ത്രി

മക്ക : ഈദ് ദിനത്തിൽ സൗദിയുടെ മുഖ്യാതിഥിയായി ലബനൻ പ്രധാനമന്ത്രി സആദ് ഹരീരി. സൗദിയിലെത്തിയ സആദ് ഹരീരിയെ സൗദി രാജകുടുംബാഗംങ്ങൾ സ്വീകരിച്ചു. സൽമാൻ രാജാവ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം ലക്ഷോപലക്ഷം തീർത്ഥാടകർക്കൊപ്പമാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് പെരുന്നാൾ നമസ്കാരം നിർവ്വഹിച്ചത്. പലസ്തീനുരൾപ്പെടെയുള്ള രാഷ്ട്രങ്ങൾക്ക് അദ്ദേഹം പെരുന്നാൾ ആശംസ നേർന്നു. റമദാൻ അവസാന പത്ത് മുതൽ മക്ക കൊട്ടാരത്തിലാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞിരുന്നത്. ഈദ് നമസ്കാരത്തിൽ അദ്ദേഹം ഹറമിൽ പങ്കെടുത്തു. റമദാനിൽ തീർത്ഥാടകർക്ക് മെച്ചപ്പട്ട സേവനമൊരുക്കാൻ സേവനം നൽകിയവരെയെല്ലാം അദ്ദേഹം അഭിനന്ദിച്ചു.
തീവ്രവാദ വിരുദ്ധ ഇസ്ലാമിക സേനാ തലവൻ ജനറൽ റാഹൽ ശരീഫ്, വിവിധ രാജകുമാരന്മാർ, മത പണ്ധിതർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് അദ്ദേഹം കൊട്ടാരത്തിൽ വെച്ച് ഈദ് മധുരം കൈമാറി. പലസ്തീൻ, അഫ്ഗാൻ, കുവൈത്ത്, യു.എ.ഇ ഉൾപ്പെടെ വിവിധ രാഷ്ട്രത്തലവന്മാർക്കും തിരിച്ചും പെരുന്നാൾ ആശംസകൾ കൈമാറി. നിറഞ്ഞു കവിഞ്ഞ ഹറമിൽ നിന്നും തീർത്ഥാടകർ മടങ്ങുകയാണ്. അവസാന പത്ത് ദിനങ്ങളിലെ ഇഅ്തിഖാഫിനും അവസാന ദിനത്തിലെ ഖത്ത്മുൽ ഖുർആനിലും പങ്കെടുക്കാൻ ലോകമെന്പാടുമുള്ള ലക്ഷോപലക്ഷങ്ങൾ ഹറമിലെത്തിയിരുന്നു.