വാണിജ്യ സിലിണ്ടർ വില കുത്തനെ കൂട്ടി; കൊച്ചിയിൽ വില 3,000 കടന്നു
ശാരിക l കേരളം
തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതിന് പിന്നാലെ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടർ വിലയിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. ഒറ്റയടിക്ക് 993 രൂപയാണ് എണ്ണവിതരണ കമ്പനികൾ വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന്റെ വില മൂവായിരം കടന്നു. കൊച്ചിയിൽ 3,085 രൂപയും തിരുവനന്തപുരത്ത് 3,106 രൂപയും കോഴിക്കോട് 3,117.5 രൂപയുമാണ് പുതുക്കിയ നിരക്ക്.
അപൂർവ്വമായുണ്ടായ ഈ വൻ വിലക്കയറ്റം ഹോട്ടൽ മേഖലയ്ക്കും തട്ടുകടകൾക്കും വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ഏപ്രിൽ ഒന്നിന് 195.50 രൂപയും ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളിലായി മുന്നൂറോളം രൂപയും വർധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്. പാചകവാതക വിലയിലുണ്ടായ ഈ കുതിച്ചുചാട്ടം ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഉടമകളെ നിർബന്ധിതരാക്കും.
വോട്ട് രേഖപ്പെടുത്താൻ നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികൾ തിരികെ എത്താത്തതും എൽപിജി വിതരണത്തിലെ നിയന്ത്രണങ്ങളും മൂലം പ്രതിസന്ധിയിലായ ഹോട്ടൽ മേഖലയ്ക്ക് പുതിയ വില വർധനവ് ഇരട്ടി പ്രഹരമായി. അതേസമയം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ ഇത്തവണ മാറ്റമില്ല.
േ്ിോേ്ിേ

