വ്യവസ്ഥകൾ­ക്ക് നി­രക്കാ­ത്ത തൊ­ഴിൽ പരസ്യങ്ങൾ അംഗീ­കരി­ക്കി­ല്ലെ­ന്ന് സൗ­ദി­


റിയാദ് : രാജ്യത്ത് വ്യവസ്ഥകൾക്ക് നിരക്കാത്ത തൊഴിൽ പരസ്യങ്ങൾ അംഗീകരിക്കില്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. ചില സ്ഥാപനങ്ങൾ തൊഴിൽ വിപണിയിൽ പ്രചാരത്തിലുള്ള വേതന നിലവാരത്തിന് നിരക്കാത്ത വേതനം വാഗ്ദാനം ചെയ്യുന്ന തൊഴിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇത്തരം പരസ്യങ്ങൾ അംഗീകരിക്കില്ല. സ്വകാര്യ കന്പനികളിൽ ഒന്ന് 1500 റിയാൽ മാസ വേതനത്തിന് സൗദി എൻജിനീയർമാരെ തേടുന്ന പരസ്യത്തിന്റെ കട്ടിംഗ് സൗദി പൗരൻ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു. ഈ തൊഴിൽ പരസ്യം പഴയതാണ്. നാഷണൽ ലേബർ ഗേറ്റ്‌വേ ആയ താഖാത്ത് പോർട്ടൽ നേരത്തെ ഈ പരസ്യം നിരാകരിച്ചതാണെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് പറഞ്ഞു.

സ്വകാര്യ കരാർ കന്പനിയാണ് 1500 റിയാൽ വേതനത്തിന് സൗദി സിവിൽ എൻജിനീയർമാരെ തേടുന്ന പരസ്യം പ്രസിദ്ധീകരിച്ചത്. ഇത് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഹൗസ് ഡ്രൈവർമാരുടെയും വീട്ടുവേലക്കാരികളുടെയും വേതന നിലവാരത്തിലും കുറഞ്ഞ വേതനമാണ് സൗദി സിവിൽ എൻജിനീയർമാർക്ക് കന്പനി വാഗ്ദാനം ചെയ്തത്. ഇത്തരം പരസ്യങ്ങൾ സൗദി ഉദ്യോഗാർത്ഥികളെയും തൊഴിൽ നിയമങ്ങളെയും അപഹസിക്കുന്നതിന് തുല്യമാണെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കൾ പറഞ്ഞു.

സ്വകാര്യ സ്ഥാപനങ്ങളിൽ ലഭ്യമായ മുഴുവൻ തൊഴിലവസരങ്ങളെയും കുറിച്ച് താഖാത്ത് പോർട്ടലിൽ നിശ്ചിത കാലം പരസ്യപ്പെടുത്തൽ നിർബന്ധമാണ്. താഖാത്ത് പോർട്ടലിൽ പരസ്യപ്പെടുത്തിയിട്ടും യോഗ്യരായ സൗദി ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിന് സാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് ഒഴിവുകൾ നികത്തുന്നതിന് വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വിസകൾ അനുവദിക്കുന്നത്. സ്വകാര്യ മേഖലയിൽ സൗദികൾക്ക് തൊഴിലുകൾ ലഭ്യമാക്കുന്നതിനും വിദേശങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് കുറക്കുന്നതിനും ലക്ഷ്യമിട്ടാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഈ വ്യവസ്ഥ നടപ്പാക്കിയത്. 

എന്നാൽ ചില സ്വകാര്യ സ്ഥാപനങ്ങൾ കുറഞ്ഞ വേതനത്തിന് ഉയർന്ന യോഗ്യതയുള്ള സൗദികളെ തേടുന്നതായി പരസ്യം ചെയ്ത് സൗദികളെ കിട്ടാനില്ലെന്ന് സ്ഥാപിച്ച് വിസ നേടിയെടുക്കുന്നതിന് തട്ടിപ്പുകൾ നടത്തുന്നതിന് ശ്രമിക്കുകയാണ്. ഇത്തരം തട്ടിപ്പുകൾ അനുവദിക്കില്ലെന്നാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. പ്രാദേശിക തൊഴിൽ വിപണിയിൽ നിലവിലുള്ള വേതന നിലവാരത്തിൽ കുറഞ്ഞ വേതനം വാഗ്ദാനം ചെയ്യുന്ന തൊഴിൽ പരസ്യങ്ങൾ താഖാത്ത് പോർട്ടൽ നിരാകരിക്കുമെന്ന് മന്ത്രായ വക്താവ് ഖാലിദ് അബൽഖൈൽ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed