സൗദിയിൽ വാടക കാർ മേഖലയിലും നിതാഖാത് വരുന്നു
റിയാദ് : സൗദിയിൽ വാടക കാർ മേഖലയിലും സ്വദേശിവൽക്കരണം (നിതാഖാത്) വരുന്നതായി റിപ്പോർട്ട്. മാർച്ച് 18−ന് ശേഷം ഈ മേഖല സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മാത്രമല്ല മേഖലയിൽ വിദേശ തൊഴിലാളികളുണ്ടാകരുതെന്ന് ഉടമകൾക്ക് കർശന നിർദ്ദേശവും നൽകിക്കഴിഞ്ഞു. നിതാഖാത് നടപ്പാക്കാത്ത ഉടമകൾക്ക് കടുത്ത ശിക്ഷ നൽകുമെന്നാണ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം. തീരുമാനം മലയാളികളായ പ്രവാസികൾക്ക് ഇരുട്ടടിയാണ്. മൊബൈൽ ഷോപ്പുകൾക്കും ജ്വല്ലറികൾക്കും പിന്നാലെയാണ് സൗദിയിൽ കാർ വാടകയ്ക്ക് നൽകുന്ന മേഖലയിലും നിതാഖാത് വരുന്നത്.
തീരുമാനം മലയാളികളടക്കമുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. മലയാളികളടക്കം ആയിരക്കണക്കിന് ആളുകളാണ് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നത്. ഉടമകൾ ഭൂരിഭാഗവും സ്വദേശികളാണെങ്കിലും ഇടപാടുകളെല്ലാം നടത്തുന്നത് വിദേശ തൊഴിലാളികളാണ്. നേരിട്ട് സ്ഥാപനം നടത്തുന്ന പ്രവാസികളും ഇക്കൂട്ടത്തിലുണ്ട്. ഇവരുടെയെല്ലാം തൊഴിൽസാധ്യതകൾ ഇല്ലാതാക്കുന്നതാണ് പുതിയ നിയമം. നേരത്തെ പ്രഖ്യാപിച്ച നിതാഖാത് ജ്വല്ലറി രംഗത്ത് കർശനമാക്കാൻ നടപടികൾ തുടങ്ങി.
സൗദിയിലെ ഏഴ് മേഖലകളിലാണ് ജ്വല്ലറി രംഗത്തുനിന്ന് വിദേശികളെ ആദ്യം ഒഴിവാക്കുന്നത്. ജസാൻ, തബൂക്ക്, ഖാസിം, ബഹാ, നജ്റാൻ, അസിർ, വടക്കൻ അതിർത്തി എന്നീ മേഖലകളിലെ വിദേശികളെ ജ്വല്ലറിമേഖലയിൽ നിന്ന് പൂർണമായി ഒഴിവാക്കും. ഇവിടങ്ങളിൽ സ്വദേശി തൊഴിലാളികൾക്കായി വിവിധ പരിശീലന പദ്ധതികളും നടത്തുന്നുണ്ട്. 35,000−ത്തിലേറെ വിദേശികളാണ് സൗദിയിലെ ജ്വല്ലറി മേഖലയിൽ ജോലിചെയ്യുന്നത്. സ്വദേശിവൽക്കരണം നടപ്പാക്കാൻ നിർദ്ദേശിച്ച മേഖലകളിൽ കർശന പരിശോധന നടക്കുകയാണ്.

