യുഎസ്-ഇറാൻ സംഘർഷത്തിന് പിന്നാലെ പ്രവാസികൾക്കിടയിൽ പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന് ബഹ്റൈൻ മൈഗ്രന്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി
പ്രദീപ് പുറവങ്കര
മനാമ: യുഎസ്-ഇറാൻ സംഘർഷം ആരംഭിച്ചതോടെ ബഹ്‌റൈനിലെ പ്രവാസി തൊഴിലാളികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി ശമ്പള കുടിശ്ശിക മാറിയെന്ന് വിദേശ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന 'മൈഗ്രന്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി' (MWPS) വ്യക്തമാക്കി. ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ (ഏപ്രിൽ - ജൂൺ) സംഘടന കൈകാര്യം ചെയ്ത കേസുകളിൽ 80 ശതമാനവും ശമ്പള കുടിശ്ശികയും അതുമൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളുമായിരുന്നു.
സംഘർഷത്തെത്തുടർന്ന് പ്രതീക്ഷിക്കാത്ത വെല്ലുവിളികൾ നേരിടേണ്ടി വന്നതായി MWPS ചെയർപേഴ്‌സൺ മോന അൽ മൊയദ് സംഘടനയുടെ വാർത്താ പത്രികയിൽ വ്യക്തമാക്കി. വാടക, ജീവനാംശം, വിസ പിഴകൾ, നാടുകടത്തൽ യാത്രാച്ചെലവ്, തൊഴിൽ മാറ്റത്തിന് തൊഴിലുടമ വിസമ്മതിക്കുന്ന കേസുകളിലെ നിയമസഹായം എന്നിവയ്ക്കായി നിരവധി പേരാണ് സംഘടനയെ സമീപിച്ചത്. ഇക്കാലയളവിൽ ലഭിച്ച 42 കേസുകളിൽ 36 എണ്ണവും വിജയകരമായി പരിഹരിക്കാൻ എം.ഡബ്ല്യു.പി.എസിന് സാധിച്ചു. പ്രതിസന്ധിയിലായ ചിലർക്ക് വിമാന ടിക്കറ്റ് ക്രമീകരിച്ചു നൽകാനും സാധിച്ചതായി അധികൃതർ വ്യക്തമാക്കി. ദുരിതമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിനായി സന്നദ്ധപ്രവർത്തകരും പൊതുസമൂഹവും മുന്നോട്ട് വരണമെന്നും സംഘടന അഭ്യർത്ഥിച്ചു.
dvdvxfcf

